രണ്ടാംവട്ട ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കില്ല; യുഎസിൻ്റെ നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന്
ഹോര്‍മുസില്‍ യുഎസ് തുടരുന്ന നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി

- Updated:
2026-04-19 17:50:20.0

തെഹ്‌റാന്‍: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാംവട്ട സമാധാന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ യുഎസിന്റെ അതിരുകവിഞ്ഞ ആവശ്യങ്ങള്‍, യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകള്‍, നിരന്തരമായ നിലപാട് മാറ്റം, ഹോര്‍മുസില്‍ തുടരുന്ന നാവിക ഉപരോധം എന്നിവ കാരണമാണ് ഇറാന്‍ രണ്ടാംവട്ട ചര്‍ച്ച നിരസിച്ചിരിക്കുന്നത്. ഹോര്‍മുസിലെ യുഎസിന്‍റെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
അതേസമയം, രണ്ടാംവട്ട സമാധാന ചര്‍ച്ചക്കായി നാളെ യുഎസ് പ്രതിനിധികള്‍ ഇസ്‌ലാമാബാദിലെത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. തങ്ങള്‍ മുന്നോട്ടുവെക്കുന്ന കരാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് ട്രംപിന്റെ ഭീഷണി.
ദേശീയ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ച്ചകളില്‍ നിന്ന് അംഗീകരിക്കൂവെന്ന് ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി മേധാവി പ്രതികരിച്ചു. ഇറാന് ഉപകരിക്കുന്ന ഫലം ചര്‍ച്ചകളിലൂടെ ഉണ്ടാകണം. ഏതെങ്കിലും ഉപാധികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും സുരക്ഷാ കമ്മിറ്റി മേധാവി പറഞ്ഞു.
പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഇക്കഴിഞ്ഞ 17ന് ഇറാന്‍ തുറന്നിരുന്നു. എന്നാല്‍, യുഎസ് ഇത് അംഗീകരിച്ചില്ല. ഹോര്‍മുസില്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്നാണ് യുഎസ് പ്രഖ്യാപിച്ചത്. ഇതാണ് സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും വിലങ്ങുതടിയായത്.
തങ്ങള്‍ മുന്നോട്ട് വെക്കുന്ന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. 'ഇറാന്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണമായ ലംഘനമാണ്. ഫ്രാന്‍സിന്റെയും യുകെയുടെയും കപ്പലിനെ ലക്ഷ്യമാക്കിയാണ് വെടിയുതിര്‍ത്തത്. അത് അത്ര നല്ല കാര്യമല്ല. യുഎസ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് പോകുകയാണ്. അവര്‍ നാളെ വൈകീട്ട് അവിടെ എത്തും. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ അടുത്തിടെ പ്രഖ്യാപിച്ചു. ഞങ്ങള്‍ നേരത്തെ അടച്ച കടലിടുക്ക് അവര്‍ വീണ്ടും അടച്ചത് അതിശയമാണ്. അവര്‍ അറിയാതെ തന്നെ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഹോര്‍മുസ് അടച്ചതിന്റെ നഷ്ടം അവര്‍ക്കാണ്. ദിവസവും 500 മില്യണ്‍ ഡോളറാണ് ഇറാന് നഷ്ടം. അമേരിക്കക്ക് ഒന്നും നഷ്ടമില്ല. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ചരക്കുകള്‍ നിറക്കാന്‍ അമേരിക്കയിലെ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് പോകുകയാണ്. 'കടുപ്പക്കാരായ' ഐആര്‍ജിസിയുടെ ശ്രമത്തിന്റെ ഫലമാണിത്. ഞങ്ങള്‍ ഇറാന് നീതിയുക്തവും യുക്തിസഹവുമായ ഒരു കരാര്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍, ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും യുഎസ് തകര്‍ക്കും. ഇനി സൗമ്യതയില്ല. അവരെ വേഗത്തില്‍ വീഴ്ത്താനാകും. കരാര്‍ സ്വീകരിക്കാത്ത പക്ഷം ഇറാനില്‍ വേണ്ടത് ചെയ്യുന്നത് ഞാന്‍ ബഹുമതിയായി കാണും. കഴിഞ്ഞ 47 വര്‍ഷമായി മറ്റു പ്രസിഡന്റുമാര്‍ ചെയ്യേണ്ടിയിരുന്ന കാര്യമാണത്. ഇറാന്റെ കൊലപാതക യന്ത്രം അവസാനിപ്പിക്കേണ്ട സമയമായി' -സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതി.
Adjust Story Font
16
