Quantcast

താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍; കരയുദ്ധം നേരിടാന്‍ ഒരുങ്ങും

പൊരുതാന്‍ തയാറായ 12 ദശലക്ഷം സാധാരണക്കാരെ അണിനിരത്തും

MediaOne Logo

Web Desk

  • Updated:

    2026-04-06 11:30:04.0

Published:

6 April 2026 4:27 PM IST

Iran rejects temporary ceasefire
X

തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അന്ത്യശാസനം നല്‍കിയിരിക്കെ, താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍. താല്‍ക്കാലിക വെടിനിര്‍ത്തല്‍ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂര്‍ണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഹോര്‍മുസ് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

കരയുദ്ധമുണ്ടായാല്‍ നേരിടാനുള്ള തയാറെടുപ്പുകളും ഇറാന്‍ കൈക്കൊള്ളുകയാണ്. പൊരുതാന്‍ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. രജിസ്‌ട്രേഷന് 10 നാള്‍ നീളുന്ന കാമ്പയില്‍ ആരംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. അടിയന്തര വെടിനിര്‍ത്തലിനുള്ള നിര്‍ദേശം പാകിസ്താന്‍ ഇറാന് മുന്നില്‍വെച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്ത്യശാസനം നല്‍കി തീരുമാനമെടുപ്പിക്കാനുള്ള യുഎസിന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.

ബുഷേര്‍ ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ നിസ്സംഗ നിലപാടിനെ ഇറാന്‍ വിമര്‍ശിച്ചു. ആണവ വികിരണം സംഭവിച്ചാല്‍ മേഖലയെയാകെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നയതന്ത്രത്തിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള വഴി തകര്‍ത്തത് അമേരിക്കയാണ്. പുറത്ത് പറയുന്നതല്ല അമേരിക്കയുടെ ഉള്ളിലിരിപ്പും പ്രവര്‍ത്തനവും എന്ന് ലോകത്തിന് നന്നായി അറിയാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാനില്‍ അമേരിക്ക തുടരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നയതന്ത്രം ആ രാജ്യം കൈവെടിഞ്ഞു എന്നതിന്റെ തെളിവാണ്. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിര്‍ദേശം അങ്ങേയറ്റം അത്യാഗ്രഹവും യുക്തിഹീനവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഈ പറഞ്ഞു. മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് അമേരിക്ക ഒന്നും ചെയ്യുന്നില്ല. ഇസ്രായേലിന്റെ മാത്രം നിലനില്‍പ്പിന് വേണ്ടിയാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കക്കുള്ള മറുപടി ഉചിത സമയത്ത് പ്രഖ്യാപിക്കും.

ഇസ്ഫഹാനില്‍ അമേരിക്ക നടത്തിയത് യുറേനിയം കവരാനുള്ള നീക്കമായിരുന്നു എന്നത് തള്ളാനാവില്ല. പക്ഷേ അത് പരാജയപ്പെട്ടു. അമേരിക്ക ഈ നാണക്കേടില്‍ നിന്ന് പാഠം പഠിക്കണം. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും പ്രതിരോധത്തിലാണെന്നും യുദ്ധം, സമാധാനം എന്നിവ സംബന്ധിച്ച ഏത് തീരുമാനവും ഇറാന്‍ ഭരണഘടന മുന്‍നിര്‍ത്തി മാത്രമായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മധ്യസ്ഥരുമായുള്ള ആശയവിനിമയം അസാധാരണമായ ഒന്നല്ല. തികച്ചും സ്വാഭാവികമാണെന്നും അത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇറാനെതിരെ കടുത്ത ഭീഷണിയാണ് ഇന്നലെ ട്രംപ് മുഴക്കിയത്. 48 മണിക്കൂര്‍ അന്ത്യശാസനത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

TAGS :

Next Story