ഇറാന്റെ റോക്കറ്റ് ആക്രമണം: ഇസ്രായേലില്‍ ഒരാൾ കൊല്ലപ്പെട്ടു, പലയിടത്തും അപായ സൈറണുകൾ മുഴങ്ങുന്നു
ഇസ്രായേലിന്റെ തന്ത്രപ്രധാന മേഖലകളാണ് ഇറാന്‍ ലക്ഷ്യമിടുന്നത്

- Updated:
2026-03-09 16:05:13.0

മധ്യ ഇസ്രായേലിൽ ഇറാൻ്റെ ക്ലസ്റ്റർ ബോംബുകൾ പതിച്ചപ്പോള്‍ (ടൈംസ് ഓഫ് ഇസ്രായേല്‍ പുറത്ത് വിട്ടത്)
തെല്‍അവീവ്: ഇറാന്റെ നിർത്താതെയുള്ള റോക്കറ്റ് ആക്രമണം കാരണം ഇസ്രായേലില്‍ പലയിടത്തും അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
സൈനിക കേന്ദ്രങ്ങള്‍ ഇക്കാര്യം പരസ്യപ്പെടുത്തുന്നില്ലെങ്കിലും വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മധ്യ ഇസ്രായേലിൽ ഇറാൻ നടത്തിയ ക്ലസ്റ്റർ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്ലസ്റ്റർ മിസൈലുകള്‍ മധ്യ ഇസ്രായേലിലെ യഹൂദ്, ഓർ യഹൂദ, ഹോളോൺ, ബാറ്റ് യാം എന്നിവയുൾപ്പെടെ ആറോളം സ്ഥലങ്ങളിലാണ് പതിച്ചത്.
ഇറാന്‍ ലക്ഷ്യമിട്ട മധ്യ ഇസ്രായേലില്‍ ജനസംഖ്യയുടെ ഏകദേശം 44 ശതമാനം ആളുകളാണ് വസിക്കുന്നത്. ബെൻ ഗുരിയൻ വിമാനത്താവളം, നിരവധി സൈനിക താവളങ്ങൾ, പ്രതിരോധ മന്ത്രാലയം, മൊസാദ് ആസ്ഥാനം എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതായത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.
ഇറാന് പുറമെ ഹിസ്ബുല്ലയും ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടുന്നുണ്ട്. അതേസമയം മധ്യേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ മേഖലയിലുടനീളമുള്ള പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മേധാവി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ പെട്രോളിയം കേന്ദ്രങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ഭക്ഷണം, വെള്ളം, വായു എന്നിവയെ മലിനമാക്കുമെന്നും ഇത് കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വലിയ അപകടമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
Adjust Story Font
16
