Quantcast

ബോട്ടുകളില്‍ ഇരച്ചെത്തി ഇറാന്‍ സൈന്യം; ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന ദൃശ്യം പുറത്തുവിട്ടു

നേരത്തെ ഇറാൻ്റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ യുഎസ് പുറത്തുവിട്ടിരുന്നു

MediaOne Logo
Iran says it has seized two ships
X

തെഹ്‌റാന്‍: മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകള്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍. ബോട്ടുകളില്‍ ഇരച്ചെത്തുന്നതും സൈനികര്‍ കപ്പലില്‍ കയറി നിയന്ത്രണമേറ്റെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇറാന്‍ ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ ഇറാന്റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ യുഎസ് പുറത്തുവിട്ടിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് വിദേശ വാണിജ്യ കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തത്. എംഎസ്.സി ഫ്രാന്‍സെസ്‌ക, എംഎസ്.സി എപാമിനോഡെസ് എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. യുഎസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കുള്ള മറുപടിയായാണ് ഇറാന്റെ പ്രവൃത്തി. നാവിഗേഷനില്‍ കൃത്രിമം കാണിക്കുകയോ ഇറാനിയന്‍ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അതേസമയം, അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് കപ്പല്‍ ഡാറ്റാ ട്രാക്കിങ് ഏജന്‍സിയായ വോര്‍ടെക്സയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെടിനിര്‍ത്തല്‍ കാലയളവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയെങ്കിലും ഹോര്‍മുസില്‍ സംഘര്‍ഷാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഹോര്‍മുസ് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, തങ്ങള്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഹോര്‍മുസില്‍ തുടരുകയാണെന്ന് യുഎസും പറയുന്നു. ആഗോള അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സ്തംഭിക്കുന്നത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് കാരണമാകും.

TAGS :

Next Story