Quantcast

അമേരിക്കയുടെ എംക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; ഇനിയും ശക്തമായി തിരിച്ചടിക്കുമെന്ന് ഐആർജിസി

ഇറാൻ്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത രീതിയിൽ നേരിടുമെന്ന് ഐആർജിസി

MediaOne Logo
അമേരിക്കയുടെ എംക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; ഇനിയും ശക്തമായി തിരിച്ചടിക്കുമെന്ന് ഐആർജിസി
X

Representative image

തെഹ്റാന്‍: ഇറാൻ്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി). ശത്രുതാപരമായ നീക്കങ്ങൾക്ക് മുതിർന്ന യു.എസ് സൈന്യത്തിൻ്റെ 'MQ-1' ഡ്രോണാണ് തങ്ങൾ തകർത്തതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇറാൻ്റെ സമുദ്ര അതിർത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോൺ ഉടൻ തന്നെ റെവല്യൂഷണറി ഗാർഡിൻ്റെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നു എന്നാണ് പ്രസ്താവന.

ഇറാൻ്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത രീതിയിൽ നേരിടുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും വരും ദിവസങ്ങളിൽ ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഈ സംഭവത്തോടെ മേഖലയിൽ വീണ്ടും യു.എസ്-ഇറാൻ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അതേസമയം ഇറാൻ സമാധാന കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയതോടെ ഹോർമുസിൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്.

അനുമതി കൂടാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കും യുഎസ് പടക്കപ്പലുകൾക്കും ഇറാന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇറാനിയൻ മിസൈൽ നിലയങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകൾക്കും നേരെ പുതിയ ആക്രമണങ്ങൾ നടത്തിയതായി തിങ്കളാഴ്ച യുഎസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ ഇറാനുമായി അമേരിക്ക നല്ലൊരു കരാറിന് അരികെയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും വ്യക്തമാക്കി. കരാർ അമേരിക്കക്ക് ഗുണകരമല്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം പതിവുപോലെ നല്‍കുന്നുണ്ട്.

TAGS :

Next Story