നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെങ്കിൽ പിന്തുടർന്ന് വധിക്കുമെന്ന് ഐആർജിസി

- Updated:
2026-03-15 07:44:54.0

തെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തേ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് (IRGC). ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ലയുടെയും മറ്റ് ഹമാസ് നേതാക്കളുടെയും കൊലപാതകത്തിന് തിരിച്ചടിയായി നെതന്യാഹുവിനെ ഇല്ലാതാക്കുമെന്ന് ഐആർജിസി വ്യക്തമാക്കി. ഇസ്രായേൽ താവളങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാൻ തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിക്കുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വധഭീഷണികൾ നിലനിൽക്കുന്നതിനിടെ, ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോയിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ഉള്ളതായി തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ, അദ്ദേഹം ഒരു 'ബോഡി ഡബിൾ' (പകരക്കാരൻ) ആണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നു. എന്നാൽ ഇത് ക്യാമറയുടെയോ എഡിറ്റിംഗിന്റെയോ തകരാറാകാം എന്ന വിലയിരുത്തലിലാണ് അധികൃതർ.
അതേസമയം, ശനിയാഴ്ച പുലർച്ചെ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലുള്ള യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തെത്തുടർന്ന് എംബസിക്ക് മുകളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുല്ലയുടെ രണ്ട് കമാൻഡർമാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഗസ്സയിലെയും ലെബനാനിലെയും മരണസംഖ്യ കുതിച്ചുയരുകയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. യുദ്ധം മുറുകുന്നത് എണ്ണവില വർധിപ്പിക്കാനും എൽപിജി (LPG) വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Adjust Story Font
16
