'ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാം'; ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍, ഐക്യരാഷ്ട്ര സഭയെ അറിയിച്ചു
യുദ്ധമാരംഭിച്ചതിന് തൊട്ടുപിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പൽപാതയായ ഹോർമൂസ് ഇറാൻ അടച്ചിട്ടത് ആഗോളതലത്തിൽ വലിയതോതിൽ ഊർജപ്രതിസന്ധിക്ക് കാരണമായിരുന്നു

- Published:
25 March 2026 12:37 PM IST

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ തങ്ങളുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് ഇറാന്‍. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് സുരക്ഷിതമായി കടലിടുക്ക് വഴി കടന്നുപോകാമെന്ന് ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചതായാണ് വിവരം. യുദ്ധമാരംഭിച്ചതിന് തൊട്ടുപിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് ഇറാന്‍ അടച്ചിട്ടത് ആഗോളതലത്തില്‍ വലിയതോതില്‍ ഊര്‍ജപ്രതിസന്ധിക്ക് കാരണമായിരുന്നു.
'ഇറാനുമായി ശത്രുതയിലേര്‍പ്പെടുകയോ യുഎസ് സൈനികനീക്കത്തിന് പിന്തുണ നല്‍കുകയോ ചെയുന്ന രാജ്യങ്ങള്‍ക്കൊഴിച്ച് സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകാം. അവര്‍ക്കെതിരെ യാതൊരു ആക്രമണവും ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള സുരക്ഷിതമായ പാതയൊരുക്കുന്നതില്‍ ഇറാനിയന്‍ അധികൃതര്‍ സഹകരിക്കും'. ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ഇറാന്‍ പറഞ്ഞു.
ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകാമെന്ന് ഇറാന്‍ നേരത്തെയും പ്രസ്താവനയിറക്കിയിരുന്നു. കടലിടുക്ക് വഴി കടന്നുപോകാന്‍ നാവികര്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് പാലിക്കേണ്ടതെന്ന കാര്യത്തില്‍ തെഹ്‌റാന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ നീക്കം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന ട്രംപിന്റെ വാദം ഇറാന്‍ നേരത്തെ തള്ളിയിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തോടെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് ഭാഗികമായി അടച്ചിരുന്നു. പിന്നാലെ, ഇന്ത്യന്‍ കപ്പലുകളടക്കം നിരവധി ചരക്കുകപ്പലുകള്‍ സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചെറിയ വിഭാഗം കപ്പലുകള്‍ മാത്രമേ ഇറാന്‍ ഇതുവരെയും കടത്തിവിട്ടിരുന്നുള്ളൂ. 150-200 ബാരല്‍ എണ്ണ നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഭൗമരാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ തന്നെയും കടുത്ത ഊര്‍ജപ്രതിസന്ധിക്ക് തുടക്കംകുറിച്ച സാഹചര്യത്തില്‍ കപ്പലുകള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം ശുഭപ്രതീക്ഷയോടെയാണ് രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
Adjust Story Font
16
