Quantcast

'നെതന്യാഹുവിനെ നരകത്തിലേക്കയക്കും, ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകും'; യുഎസിനും ഇസ്രായേലും മുന്നറിയിപ്പുമായി ഇറാൻ

നെതന്യാഹുവിന്‍റെ ചെയ്തികൾ സയണിസ്റ്റ് രാജ്യത്തിന്‍റെ അന്ത്യത്തിലേക്ക് അടുപ്പിച്ചെന്നും ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ

MediaOne Logo
നെതന്യാഹുവിനെ നരകത്തിലേക്കയക്കും, ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകും; യുഎസിനും ഇസ്രായേലും മുന്നറിയിപ്പുമായി ഇറാൻ
X

തെഹ്റാൻ: ഇറാനെതിരായ ഉപരോധം തുടരുന്ന പക്ഷം അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേജർ ജനറൽ മുഹ്സിൻ റസായി. സമാധാനശ്രമങ്ങളെ തല്ലിക്കെടുത്തി മുന്നോട്ടുപോകാനാണ് ഇസ്രായേലിന്‍റെ ശ്രമങ്ങളെങ്കിൽ യുദ്ധത്തിന്‍റെ അടുത്ത ഘട്ടമായി ഇറാൻ കണക്കാക്കുമെന്നും റസായി പറഞ്ഞു. അൽ-മനാറിന് നൽകിയ അഭിമുഖത്തിനിടെയാണ് മേജർ ജനറലിന്‍റെ താക്കീത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നരകത്തിലേക്ക് പറഞ്ഞയക്കുമെന്നും അയാളുടെ ചെയ്തികൾ സയണിസ്റ്റ് രാജ്യത്തിന്‍റെ അന്ത്യത്തിലേക്കടുപ്പിച്ചുവെന്നും റസായിയെ ഉദ്ദരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന നിലയിൽ നെതന്യാഹു വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇത് കാരണമാണ് ട്രംപ് തുർക്കിയിൽ നിന്ന് ഭയന്നോടിയതെന്നും റസായി വിശദമാക്കി.

'ട്രംപിനെ വധിക്കാൻ ഇറാൻ തന്ത്രങ്ങൾ മെനയുന്നുവെന്ന് നെതന്യാഹുവാണ് ചെവിയിലോതി നൽകുന്നത്. അയാളാണ് എല്ലാവരെയും തെറ്റിധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കേട്ട് ഭയന്നതിനാലാണ് തുർക്കി വിമാനത്താവളത്തിൽ നിന്ന് ട്രംപ് ഒരു ചെറിയ കാറ്ററിങ് ട്രക്കിൽ പതിയിരുന്ന് ഒളിച്ചോടിയത്'. അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം തുർക്കിയിൽ വെച്ചുനടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ ഇറാന്‍റെ വധഭീഷണിയുണ്ടായതിന് തുടർന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി ട്രംപ് രക്ഷപ്പെട്ടത് അമേരിക്കൻ മാധ്യമങ്ങളടക്കം വലിയ ചർച്ചയാക്കിയിരുന്നു. യുഎസ് പ്രസിഡന്‍റ് മടങ്ങാനൊരുങ്ങുന്ന വിമാനത്തെ ഇറാൻ സൈന്യം ലക്ഷ്യം വെച്ചിട്ടുണ്ടെന്ന യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ വിവരത്തെ തുടർന്നാണ് രഹസ്യ ഓപ്പറേഷൻ നടന്നത്. എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയതിന് ശേഷം രഹസ്യമായി സി-32എ സർക്കാർ ജെറ്റിലേക്ക് മാറുകയായിരുന്നു ട്രംപ്. ട്രംപിന്‍റെ രഹസ്യ ഓപ്പറേഷനെ കുറിച്ചുള്ള വിവരം വിവിധ അമേരിക്കൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പരിഹാസവുമായി ഇറാനിയൻ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

ഇസ്രായേലിന്‍റെ നേതൃത്വത്തിൽ ലെബനാനിൽ തുടരുന്ന സംഘർഷാവസ്ഥ തങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ദാഹിയയും ബൈറൂത്തും ഇറാന്‍റെ റെഡ് ലൈനുകളാണെന്നും റസായി പറഞ്ഞു. ഇവിടങ്ങളിൽ ഇനിയുണ്ടാകുന്ന യുദ്ധങ്ങളെല്ലാം മുൻപ് നടന്നതിനേക്കാൾ കലുഷിതമായിരിക്കുമെന്നും റസായി മുന്നറിയിപ്പ് നൽകി.

'നിലവിലെ സാഹചര്യം അതീവ ഗൗരവത്തിൽ തന്നെയാണ് ഇറാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലെബനാനിൽ അതിക്രമം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ സേനയെ പിൻവലിക്കാനുള്ള നീക്കങ്ങൾ നടത്തും. സംഘർഷം തുടരാനാണ് ഇസ്രായേലിന്‍റെ നീക്കമെങ്കിൽ യുദ്ധത്തിന്‍റെ അടുത്ത ഘട്ടമായി പരിഗണിക്കും. മുൻപുണ്ടായിരുന്നത് പോലെയായിരിക്കില്ല ഇനി വരാനിരിക്കുന്ന പോരാട്ടങ്ങൾ'. റസായി കൂട്ടിച്ചേത്തു.

അതേസമയം, നയതന്ത്ര ചർച്ചകളിൽ ഇറാനെതിരായ യുഎസിന്‍റെ സമ്മർദതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി. ചർച്ച മുന്നോട്ടുനീങ്ങണമെങ്കിൽ യുഎസ് പരസ്പര വിശ്വാസത്തോടെ പെരുമാറണമെന്നും ചർച്ചകളിൽ മാന്യമായി സംസാരിക്കണമെന്നും അരാഗ്ചി എക്സിൽ പറഞ്ഞു.

'ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തി. നയതന്ത്രം വീണ്ടും നേരായ പാതയിലാക്കുകയെന്നത് അത്രയെളുപ്പം സാധ്യമാകുന്ന കാര്യമല്ല. യുഎസ് ലളിതമായ സത്യം മനസിലാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്, സമ്മർദതന്ത്രങ്ങൾ ഇറാന്‍റെ പക്കൽ വിലപ്പോവുകയില്ല. മാന്യമായി സംസാരിക്കണം. ഞങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം'. അരാഗ്ചി എക്സിൽ കുറിച്ചു.

നേരത്തെ, സമാധാനശ്രമങ്ങളുടെ ആദ്യഘട്ടം പരാജയപ്പെട്ടതിനെ തുടർന്ന് ഇറാനെതിരെ ഡോണൾഡ് ട്രംപ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാനെ സാമ്പത്തികമായി തകർക്കുകയെന്നതാണ് ട്രംപിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇറാനുമായി ബന്ധപ്പെട്ട എണ്ണ ശൃംഖലകൾ, പണമിടപാടുകൾ, നെറ്റ്വർക്കുകൾ എന്നിവ ഉപരോധിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, യുഎസിന്‍റെ സാമ്പത്തിക ഉപരോധത്തിൽ പങ്കാളികളാകരുതെന്ന് ഇറാനും സഖ്യരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പങ്കാളികളായാൽ ഹോർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഗൾഫ് വഴിയോ ഒരു തുള്ളി എണ്ണ പോലും കടന്നുപോകില്ലെന്നാണ് ഇറാന്‍റെ പ്രതികരണം.

TAGS :

Next Story