Quantcast

'ഇസ്രായേല്‍ വീണ്ടും ആക്രമിച്ചാൽ പുതിയ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കും': മുന്നറിയിപ്പുമായി ഇറാൻ

12 ദിവസത്തെ സംഘര്‍ഷത്തില്‍ ഉപയോഗിച്ചതിനേക്കാൾ മാരക ശേഷിയുള്ളതും പുതുതായി വികസിപ്പിച്ച മിസൈലുകൾ ഉപയോഗിച്ചായിരിക്കും പ്രതികരണെന്നും ഇറാന്‍ പ്രതിരോധ മന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-08-21 04:44:00.0

Published:

21 Aug 2025 10:08 AM IST

ഇസ്രായേല്‍ വീണ്ടും ആക്രമിച്ചാൽ പുതിയ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കും: മുന്നറിയിപ്പുമായി ഇറാൻ
X

തെഹ്റാന്‍: ഇസ്രായേൽ വീണ്ടും ആക്രമിച്ചാൽ പുതിയ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ. പ്രതിരോധ മന്ത്രി അസീസ് നാസിർസാദെയുടെതാണ് മുന്നറിയിപ്പ്.

ഇസ്രായേൽ നടത്തുന്ന ഏതൊരു ആക്രമണത്തിനും തിരിച്ചടിക്കാന്‍ തയ്യാറാണ്. 12 ദിവസത്തെ സംഘര്‍ഷത്തില്‍ ഉപയോഗിച്ചതിനേക്കാൾ മാരക ശേഷിയുള്ളതും പുതുതായി വികസിപ്പിച്ച മിസൈലുകൾ ഉപയോഗിച്ചായിരിക്കും പ്രതികരണമെന്നും ഇറാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

'12 ദിവസത്തെ സംഘര്‍ഷത്തില്‍ ഉപയോഗിച്ച മിസൈലുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്, എന്നാല്‍ അതിനേക്കാള്‍ മികച്ച ശേഷിയുള്ള മിസൈലുകൾ ഇന്ന് നിർമ്മിച്ചിട്ടുണ്ട്. ഇസ്രായേല്‍ വീണ്ടും 'സാഹസത്തിന് മുതിര്‍ന്നാല്‍' , തീർച്ചയായും ഞങ്ങളത് പ്രയോഗിക്കും'- അസീസ് നാസിർസാദെ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നല്‍കി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി

ഇതിനിടെ അമേരിക്കയും ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഖത്തറിലടക്കമുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യംവെക്കുകയും ചെയ്തു. പിന്നാലെ സംഘര്‍ഷത്തിന് വിരാമമാകുകയായിരുന്നു.

TAGS :

Next Story