യുഎസ് സൈനിക താവളങ്ങളിലെ ഇറാൻ ആക്രമണം: പുറത്തുവന്നതിനേക്കാൾ വലിയ നാശനഷ്ടമെന്ന് ഉപഗ്രഹ ചിത്രങ്ങൾ
യുഎസ് സൈനിക ആസ്തികൾക്കുണ്ടായ നഷ്ടം ഏകദേശം 40 മുതൽ 50 ബില്യൺ ഡോളർ വരെയാകാമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്

- Published:
7 May 2026 9:51 AM IST

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പുറത്തുവന്നതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം അമേരിക്കയുടെ ഏകദേശം 228 സൈനിക ആസ്തികളെങ്കിലും ഇറാൻ തകർക്കുകയോ സാരമായി കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. ഇതിൽ വിമാനങ്ങൾ, ഹാംഗറുകൾ, ഇന്ധന ഡിപ്പോകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ പശ്ചിമേഷ്യയിലെ 15 യുഎസ് സൈനിക താവളങ്ങളിലായി ഏകദേശം 217 കെട്ടിടങ്ങളും 11 സുപ്രധാന ഉപകരണങ്ങളുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നു. ഖത്തറിലെ അൽ-ഉദൈദ് എയർബേസിലെ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ സൈറ്റ്, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇറാന്റെ ആക്രമണങ്ങൾ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി പതിച്ചവയാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഇറാൻ അനുകൂല ഏജൻസികൾ പുറത്തുവിട്ട നൂറിലധികം ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് സാറ്റ്ലൈറ്റ് ഡാറ്റയുമായി ഒത്തുനോക്കിയാണ് വാഷിംഗ്ടൺ പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്. സാധാരണയായി സ്വകാര്യ സാറ്റ്ലൈറ്റ് കമ്പനികളിൽ നിന്ന് ലഭിക്കേണ്ട ചിത്രങ്ങൾ യുഎസ് സർക്കാരിന്റെ സെൻസർഷിപ്പ് മൂലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ ബദൽ മാർഗം സ്വീകരിച്ചത്. യുഎസ് സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് ഇറാന്റെ ഡ്രോൺ സാങ്കേതികവിദ്യയും കൃത്യതയും സൈനിക വൃത്തങ്ങൾ കുറച്ചുകാണിച്ചതാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ കണക്കുകൾ പ്രകാരം കുവൈത്തിലും സൗദി അറേബ്യയിലുമായി ഏഴ് യുഎസ് സൈനികർ കൊല്ലപ്പെടുകയും നാനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം കാണാതായതും വലിയ പ്രതിസന്ധിയായി തുടരുന്നു. സൈനിക ആസ്തികൾക്കുണ്ടായ നഷ്ടം ഏകദേശം 40 മുതൽ 50 ബില്യൺ ഡോളർ വരെയാകാമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് യുഎസ് സൈന്യം പല താവളങ്ങളിൽ നിന്നും തങ്ങളുടെ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Adjust Story Font
16
