Quantcast

ചർച്ചയിൽ സന്തുഷ്ടനല്ലെന്ന് ട്രംപ്; ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് അമേരിക്ക; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ഇറാനുമായുള്ള ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ സന്ദർശിക്കും

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-28 03:07:29.0

Published:

28 Feb 2026 8:14 AM IST

ചർച്ചയിൽ സന്തുഷ്ടനല്ലെന്ന് ട്രംപ്; ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് അമേരിക്ക; യുദ്ധഭീതിയിൽ പശ്ചിമേഷ്യ
X

തെഹ്‌റാൻ: ഇറാൻ അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചയും കരാറിലെത്താതെ പിരിഞ്ഞു. എങ്കിലും ചർച്ചയിൽ പുരോഗതി കൈവരിച്ചതായി മധ്യസ്ഥ രാഷ്ട്രമായ ഒമാൻ. കൂടിയാലോചനകൾക്ക് ശേഷം ഉടൻ തന്നെ അടുത്ത ഘട്ട ചർച്ചകൾ ആരംഭിക്കും. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി പറഞ്ഞു. ആണവായുധം സ്വന്തമാക്കില്ലെന്ന്​ കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ ഇറാൻ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം, ആണവ വിഷയത്തിൽ ഇറാനുമായി തുടരുന്ന ചർച്ചയിൽ സംതൃപ്തനല്ലെന്ന പ്രതികരണവുമായി യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ചിലപ്പോൾ അത്​ അനിവാര്യമായി മാറുമെന്നും ട്രംപ്​ വ്യക്​തമാക്കി. യുദ്ധം സാഹസികമാണെന്നും നല്ല വിശ്വാസത്തോടെ ചർച്ച നടത്തുകയാണ്​ ഇറാന്​ അഭികാമ്യമെന്നും അദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വിയന്നയിൽ ഇറാൻ -അമേരിക്ക സാങ്കേതിക ചർച്ച നടക്കാനിരിക്കെയാണ്​ തെഹ്​റാനെതിരെ സൈനിക നടപടി വേണ്ടിവരുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പ്​.

ബന്ദികളാക്കിയ മുഴുവൻ അമേരിക്കൻ പൗരൻമാരെയും ഉടൻ വിട്ടയക്കണമെന്ന്​ യുഎസ്​ സ്റ്റേറ്റ്​ വകുപ്പ്​ ഇറാനോട്​ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ സന്ദർശിക്കും. യുദ്ധഭീതി ശക്തമായതോടെ ഇറാൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്ന്​ ഉടൻ മടങ്ങാൻ യൂറോപ്പ്​ ഉൾപ്പടെ നിരവധി രാജ്യങ്ങൾ പൗരൻമാർക്ക്​ നിർദേശം നൽകി. രണ്ടിടങ്ങളിലേക്കും യാത്ര പാടില്ലെന്നും വിവിധ യുറോപ്യൻ രാജ്യങ്ങൾ പൗരൻമാർക്ക്​ മുന്നറിയിപ്പ്​ നൽകി.

തെൽ അവീവിലേക്കുള്ള സർവീസുകൾ ഇന്ത്യൻ വിമാന കമ്പനികൾ ഒരാഴ്ച കാലത്തേക്ക്​ നിർത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ആണവ നിലയങ്ങളിലെ പരിശോധധനക്ക്​ യുഎസ്​ ഉദ്യോഗസ്​ഥർക്ക്​ അനുമതി നൽകാനും ഇറാൻ തയാറാണ്​. അതിനിടെ, ഇറാന്റെ കൈവശമുള്ള സമ്പുഷ്​ടീകരിച്ച യു​റേനിയത്തിന്‍റെ ശരിയായ തോത്​ വ്യക്​തമല്ലെന്ന്​ അന്താരാഷ്ട്ര ആണവോർജ സമിതി പുതിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇസ്ഫഹാൻ ആണവ നിലയത്തിലെ പ്രവർത്തനങ്ങളെ കുറിച്ച ശരിയായ ചിത്രം പുറത്തുവിടാൻ ഇറാൻ വിസമ്മതിക്കുന്നതായും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി.

TAGS :

Next Story