ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും; ധാരണാപത്രം അംഗീകരിച്ച് ഇറാനും അമേരിക്കയും
വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെക്കും

- Updated:
2026-06-15 11:03:04

തെഹ്‌റാൻ: ലോകത്തിന് വലിയ ആശ്വാസം നൽകിക്കൊണ്ട് പശ്ചിമേഷ്യയിലെ യുദ്ധത്തിന് താൽക്കാലിക വിരാമമിടാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിന് ഇറാനും അമേരിക്കയും അംഗീകാരം നൽകി. ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്ക പിൻവലിക്കാനും, നിർണായകമായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനും ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്. പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് രാജ്യങ്ങൾ സമാധാനത്തിലേക്ക് ചുവടുവെക്കുന്നത്. വരുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെക്കും.
ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന വെള്ളിയാഴ്ചയോടെ തന്നെ ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര വ്യാപാരത്തിൽ അതിപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി സ്വതന്ത്രമായി തുറന്നുകൊടുക്കാനും തീരുമാനമായി. നിലവിൽ രണ്ടു മാസത്തേക്കാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ ആണവ വിഷയം ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടർചർച്ചകൾ നടക്കും. ചർച്ചകൾ വിജയകരമായാൽ അത് ലോകസമാധാനത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പുതിയ സമാധാന കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
പുതിയ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ലെബനാനിലെ സമ്പൂർണ യുദ്ധവിരാമമാണ്. ദക്ഷിണ ലെബനാനിലും തലസ്ഥാനമായ ബെയ്‌റൂത്തിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നാണ് അമേരിക്ക മുഖേന ഇറാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഉറപ്പാക്കേണ്ട ബാധ്യത അമേരിക്കൻ പ്രസിഡന്റിനാണ്. ലെബനാനിൽ വീണ്ടും ആക്രമണമുണ്ടായാൽ കരാർ ദുർബലപ്പെടുത്താനും ഇതിൽ നിന്നും പിന്മാറാനും ഇറാന് സാധിക്കും. കടുത്ത പ്രതിസന്ധികൾ മറികടന്ന് ഇത്തരം ഒരു ധാരണയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കുന്നതിൽ പാകിസ്താനും ഖത്തറും വലിയ പങ്കാണ് വഹിച്ചത്.
സമാധാന നീക്കങ്ങളോട് അമേരിക്കയും ഇറാനും പൂർണമായും ചേർന്നുനിൽക്കുമ്പോഴും, ഇസ്രായേൽ ഇതിൽ വലിയ അതൃപ്തിയിലാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഈ കരാർ പശ്ചിമേഷ്യയിൽ ഇറാൻ്റെ സ്വാധീനവും മേൽക്കോയ്മയും വർധിപ്പിക്കുമെന്നും, ഇസ്രായേലിന്റെ താൽപര്യങ്ങളെ അമേരിക്ക പൂർണമായും അവഗണിച്ചുവെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നത്. ബെൻ ഗ്വിറിനെപ്പോലുള്ള തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രിമാർ ഇറാനെതിരെ സ്വന്തം നിലയ്ക്ക് ആക്രമണം തുടരണമെന്ന് വാദിക്കുന്നവരാണ്.
യുഎസിലെ ഡെമോക്രാറ്റിക് പ്രതിനിധികളും കരാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 2015ൽ ബരാക് ഒബാമ ഒപ്പുവെച്ച കരാറിനേക്കാൾ മികച്ചതാണ് ഇതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് അമേരിക്കൻ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, കരാറുമായി ബന്ധപ്പെട്ട് നെതന്യാഹുവുമായി ട്രംപ് കടുത്ത ഭാഷയിൽ സംസാരിച്ചുവെന്നും, നിലവിലെ രീതിയിലാണ് ഇസ്രായേൽ മുന്നോട്ട് പോകുന്നതെങ്കിൽ മറ്റ് ചില തീരുമാനങ്ങൾ അമേരിക്കയ്ക്ക് എടുക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ കർശന നിലപാടുകൾ കാരണം ഇസ്രായേലിന് ഈ കരാറുമായി സഹകരിക്കേണ്ടി വരുമെന്നും സമാധാന കരാർ വലിയ ആശങ്കകളില്ലാതെ മുന്നോട്ട് പോകുമെന്നുമാണ് വിലയിരുത്തൽ.
Adjust Story Font
16
