Quantcast

ഇറാൻ യുദ്ധം: യുഎസ് പ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്

ഏഴാഴ്ച നീണ്ട ആക്രമണത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ ശേഖരത്തിന്റെ പകുതിയോളവും മറ്റ് ആറ് പ്രധാന മിസൈൽ വിഭാഗങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു

MediaOne Logo
ഇറാൻ യുദ്ധം: യുഎസ് പ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്
X

വാഷിംഗ്ടൺ: ഇറാൻ യുദ്ധം യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായി റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മാധ്യമം 'ദ ഹിൽ' ആണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ പഠനത്തെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഏഴാഴ്ച നീണ്ട ആക്രമണത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ ശേഖരത്തിന്റെ പകുതിയോളം തീർന്നതായും, മറ്റ് ആറ് പ്രധാന മിസൈൽ വിഭാഗങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടതായും സിഎസ്ഐഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച സിഎസ്ഐഎസ് പുറത്തിറക്കിയ റിപ്പോർട്ടിൽ അമേരിക്കൻ ആയുധശേഖരത്തിൽ വന്നിട്ടുള്ള ഇടിവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ റിപ്പോർട്ട് പ്രകാരം, യുദ്ധത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈലുകളുടെ മൊത്തം ശേഖരത്തിന്റെ ഏകദേശം 50 ശതമാനത്തോളവും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമെ, ഹ്രസ്വ-മധ്യ ദൂര മിസൈലുകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഥാഡ് ഇന്റർസെപ്റ്ററുകളുടെ ശേഖരത്തിന്റെ പകുതിയിലധികവും ഇതിനകം തീർന്നു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ശേഖരത്തിൽ 45 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മറ്റ് പ്രധാന മിസൈലുകളായ ജാസം 20 ശതമാനത്തിലധികവും, എസ്എം-3 30 ശതമാനത്തിലധികവും, എസ്എം-6 കുറഞ്ഞത് 10 ശതമാനവും അമേരിക്കൻ സൈന്യം ഉപയോഗിച്ചതായി റിപ്പോർട്ട് വിശദമാക്കുന്നു.

ടോമാഹോക്ക്, ജാസം തുടങ്ങിയ പ്രിസിഷൻ-ഗൈഡഡ് ക്രൂയിസ് മിസൈലുകളുടെ ശേഖരം പഴയപടിയാക്കാൻ ഒന്നു മുതൽ നാല് വർഷം വരെ സമയമെടുത്തേക്കാമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. പടിഞ്ഞാറൻ പസഫിക് മേഖലയിൽ ഭാവിയിലുണ്ടായേക്കാവുന്ന സംഘർഷങ്ങളിൽ ഈ മിസൈലുകൾ നിർണായകമാണ്. ഇറാനെതിരെയുള്ള യുദ്ധത്തിന് മുൻപ് തന്നെ അമേരിക്കയുടെ ആയുധശേഖരം ചൈനയെപ്പോലുള്ള ഒരു വൻശക്തിയുമായി ഏറ്റുമുട്ടാൻ പര്യാപ്തമല്ലായിരുന്നു എന്ന് റിപ്പോർട്ടിന്റെ രചയിതാക്കളായ മാർക്ക് എഫ്. കാൻസിയാനും ക്രിസ് എച്ച്. പാർക്കും ചൂണ്ടിക്കാണിക്കുന്നു. ഇറാനെതിരെ ആക്രമണം തുടരാനും പ്രതിരോധിക്കാനും അമേരിക്കയ്ക്ക് നിലവിൽ ശേഷിയുണ്ടെങ്കിലും, ചൈനയെപ്പോലുള്ള ഒരു രാജ്യത്തിനെതിരെ ഇത് മതിയാകില്ല എന്നാണ് സിഎസ്ഐഎസിന്റെ വിലയിരുത്തൽ. ഇറാൻ യുദ്ധം അവസാനിച്ചാൽ പശ്ചിമേഷ്യയിലേക്ക് അയച്ച നാവിക സേന പസഫിക്കിലേക്ക് മടങ്ങുമെന്നും, ആയുധശേഖരം വീണ്ടെടുക്കാൻ തുടങ്ങുമെങ്കിലും അത് പൂർവ്വസ്ഥിതിയിലാക്കാൻ നിരവധി വർഷങ്ങൾ വേണ്ടിവരുമെന്നും സിഎസ്ഐഎസ് പ്രതിനിധികൾ വ്യക്തമാക്കി.

ഇത്തരം റിപ്പോർട്ടുകൾക്കിടയിലും യുഎസ് സേന സുസജ്ജമാണെന്ന് ഇറാൻ യുദ്ധത്തിന് നേതൃത്വം നൽകുന്ന യുഎസ് സെൻട്രൽ കമാൻഡ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും ഇക്കാര്യം സ്ഥിരീകരിച്ചു. സൈന്യം വീണ്ടും ആയുധമണിയുകയാണെന്നും, തന്ത്രങ്ങളും നടപടിക്രമങ്ങളും നിരന്തരം ക്രമീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മറ്റേതൊരു സൈന്യത്തേക്കാളും വേഗത്തിൽ തങ്ങൾക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുമെന്നും വെടിനിർത്തൽ സമയത്ത് സൈന്യം അതാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നവസാനിക്കേണ്ടിയിരുന്ന വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ മാസം പ്രതിരോധ കരാറുകാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാല് മടങ്ങ് വർധിപ്പിക്കാൻ ധാരണയായതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

സിഎസ്ഐഎസ് റിപ്പോർട്ടിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് പെന്റഗൺ ചീഫ് വക്താവ് സീൻ പാർനെൽ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് അമേരിക്കയുടേതെന്നും, പ്രസിഡന്റ് തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും പ്രവർത്തിക്കാൻ ആവശ്യമായതെല്ലാം സൈന്യത്തിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കൻ നാവികസേനയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ആവശ്യമായി വന്നുള്ളൂ എന്ന പ്രതിരോധ സെക്രട്ടറിയുടെ വാക്കുകളും പാർനെൽ ഓർമിപ്പിച്ചു. ആയുധശേഖരത്തെക്കുറിച്ച് അമേരിക്കക്കാരെ ആശങ്കപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ വിവരമില്ലായ്മയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേസമയം, ആയുധങ്ങളുടെ വിതരണ ശൃംഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ഏഴു വർഷം വരെയുള്ള ദീർഘകാല കരാറുകൾ നൽകാൻ പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായി പെന്റഗൺ കൺട്രോളർ ജൂൾസ് 'ജയ്' ഹർസ്റ്റ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ 1.5 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ് അഭ്യർഥനയുടെ ഭാഗമായാണ് ദീർഘകാല നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഈ പുതിയ നീക്കം.

TAGS :

Next Story