ആക്രമണ മുന്നറിയിപ്പുമായി വീണ്ടും ഇറാൻ; സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സമീപത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശം
ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 271 ആയതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

തെഹ്‌റാൻ: ഇസ്രായേലിനെതിരെ ആക്രമണ മുന്നറിയിപ്പുമായി വീണ്ടും ഇറാൻ. സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സമീപത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ നിർദേശം നൽകിയിട്ടുണ്ട്. കാർമൽ, ഹൈഫ ബേ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇസ്രായേലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 271 ആയതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ കടുത്ത ആക്രമണ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തെത്തിയിട്ടുണ്ട്. ഇറാനിലെ ഒരു നേതാവിനെ വധിക്കാനും മടിക്കേണ്ടതില്ലെന്ന് സൈന്യത്തിന് നിർദേശം നൽകിയതായി നെതന്യാഹു പറഞ്ഞു.
ഇറാന്റെ മിസൈലുകൾ പ്രതിരോധിക്കാൻ അമേരിക്കൻ സഹായം ഉദാരമായി ലഭിക്കുന്നതായി നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ എല്ലാ കേന്ദ്രങ്ങളും ആക്രമിക്കും. അതിനുള്ള ശേഷി ഇസ്രായേലിനുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ തകർച്ച തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. അതിനുള്ള അവസരം അവർക്ക് തങ്ങൾ ഒരുക്കികൊടുക്കുമെന്നും നെതന്യാഹു പറഞ്ഞു.
Adjust Story Font
16

