'ആക്രമണത്തില്‍ നിന്ന് പിന്മാറിയത് ഒരു മണിക്കൂര്‍ മുമ്പ്, ഇറാന് ഇനി സമയം ലഭിക്കില്ല'; ട്രംപിന്റെ പുതിയ ഭീഷണി
''ഇറാനെ പുതിയ ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും ഞങ്ങൾ അനുവദിക്കില്ല''

- Updated:
2026-05-20 01:35:59.0

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണം പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് സൈന്യം ഈ ആക്രമണം താല്ക്കാലികമായി മാറ്റിവെച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായൊരു വെടിനിർത്തൽ കരാർ ഉടൻ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ തന്നെ യു.എസ് പ്രത്യാക്രമണം ഉണ്ടാകുമെന്നും കൂടുതൽ സമയം ഇറാന് ഇനി ലഭിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
"രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ, ഒരുപക്ഷേ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഞായറാഴ്ചയോ, അല്ലെങ്കിൽ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ പരിമിതമായ സമയത്തേക്ക് ഒരു സൈനിക നീക്കം ഉണ്ടായേക്കാം. ഇറാനെ ഒരു പുതിയ ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും ഞങ്ങൾ അനുവദിക്കില്ല," - ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തങ്ങളുമായി ഒരു വെടിനിർത്തൽ കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ശക്തമായ. നിലപാടിലാണ് ഇറാൻ. സയണിസ്റ്റ് കെണിയിൽ വീണ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ യുഎസ് മുതിർന്നാൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകി. "ശത്രുക്കൾ വീണ്ടും വിഡ്ഢിത്തം കാണിക്കുകയും ഇറാനെതിരെ പുതിയ അധിനിവേശത്തിന് മുതിരുകയും ചെയ്താൽ, തികച്ചും പുതിയ ഉപകരണങ്ങളും പുതിയ യുദ്ധമുറകളും ഉപയോഗിച്ച് ഞങ്ങൾ അവർക്കെതിരെ പുതിയ യുദ്ധമുഖങ്ങൾ തുറക്കും''- മുഹമ്മദ് അക്രാമിനിയ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി മേഖലയിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്.
Adjust Story Font
16
