Quantcast

തോക്കേന്താനും ഡ്രോൺ പറത്താനും വനിതകൾ; പ്രതിരോധത്തിന് സ്ത്രീകളെയും അണിനിരത്തി ഇറാൻ, പ്രത്യേക പരിശീലന ക്യാമ്പിന് തുടക്കം

രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച 'ജാന്‍ഫദായന്‍' ക്യാമ്പയിനിന്റെ ഭാഗമായാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്

MediaOne Logo
തോക്കേന്താനും ഡ്രോൺ പറത്താനും വനിതകൾ; പ്രതിരോധത്തിന് സ്ത്രീകളെയും അണിനിരത്തി ഇറാൻ, പ്രത്യേക പരിശീലന ക്യാമ്പിന് തുടക്കം
X

തെഹ്‌റാന്‍: ഇറാനില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ചതായി റിപ്പോർട്ട്. തെഹ്റാനിലെ ആസാദി സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച 'ജാന്‍ഫദായന്‍' ക്യാമ്പയിനിന്റെ ഭാഗമായാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എന്നാണ് 'ജാന്‍ഫദായന്‍' എന്ന വാക്കിന്റെ അര്‍ഥം. ഇറാനിലെ ഉന്നത സൈനിക അധികൃതര്‍ ആരംഭിച്ച ഈ ക്യാമ്പയിന്‍ രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 31 പ്രവിശ്യാ തലസ്ഥാനങ്ങളിലെയും പ്രധാന സ്‌ക്വയറുകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ജസീറ അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കല്‍, നഗരങ്ങളിലെ പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധത്തിനിറങ്ങല്‍, സ്വയരക്ഷ, പ്രഥമശുശ്രൂഷ, കയറുപയോഗിച്ചുള്ള പരിശീലനം, അതിജീവനത്തിനുള്ള പ്രായോഗിക പരിശീലനം തുടങ്ങിയവയാണ് വനിതകള്‍ക്ക് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

നിലവില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധിത സൈനികസേവനം ബാധമല്ല. എന്നാല്‍, സൈനിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഇവരെ തടയാനും നിയമം അനുശാസിക്കുന്നില്ല. ഇറാനിലെ ഭരണഘടയിലെ ആര്‍ട്ടിക്കിള്‍ 151 പ്രകാരം വനിതകള്‍ക്കും അടിസ്ഥാന സൈനിക പരിശീലനം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. അതേസമയം, രാജ്യത്തിന്റെ സായുധ സേനയില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും പരിമിതമാണ്. അതുകൊണ്ടുതന്നെ, നിലവിലെ പരിശീലനത്തെ ഔദ്യോഗിക വനിതാസേനയുടെ രൂപീകരണമായി കണക്കാക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘര്‍ഷസാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ വനിതകളേയും ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ നീക്കമാരംഭിക്കുന്നത്. ഏത് സമയവും തലക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന അമേരിക്കയുടെ സാമ്പത്തി-സൈനിക സമ്മര്‍ദങ്ങളും ആശങ്കകളും നിലനില്‍ക്കുന്നതിനിടെ, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഈ നീക്കത്തെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്ത വനിതകളുടെ എണ്ണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലധികം വനിതകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് അടുത്ത വൃത്തത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍, ഈ കണക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

TAGS :

Next Story