Quantcast

'ഭരണമാറ്റം ഇവിടെയല്ല, അവിടെ'; ട്രംപ് ഭരണകൂടത്തെ പരിഹസിച്ച് ട്രോളുകളും കാര്‍ട്ടൂണുകളുമായി ഇറാന്‍ എംബസികള്‍

ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന ട്രംപിൻ്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു പോസ്റ്റ്

MediaOne Logo
Iranian embassies mock Trump administration
X

തെഹ്‌റാന്‍: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ വിവിധ എംബസികള്‍. കാര്‍ട്ടൂണുകളും ട്രോളുകളും പങ്കുവെച്ചാണ് പരിഹാസം.

ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു പോസ്റ്റ്. 'ഭരണമാറ്റം വിജയകരമായി സംഭവിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പിനൊപ്പം യുഎസ് ഈയിടെ പുറത്താക്കിയ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് സൈനിക ജനറല്‍ റാന്‍ഡി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പുറത്താക്കിയിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് സൈന്യത്തില്‍ കടുത്ത അഭിപ്രായഭിന്നതകളുണ്ട് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി. ഒരു യുദ്ധസാഹചര്യത്തില്‍ സൈന്യത്തിന്റെ തലപ്പത്തുള്ള ജനറലിനെ പുറത്താക്കുന്നത് അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ അത്യപൂര്‍വ്വമാണ്.


ഇറാന്‍ എംബസി പോസ്റ്റ് ചെയ്ത മറ്റൊരു കാര്‍ട്ടൂണില്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ട്രംപും തമ്മിലുള്ള സംഭാഷണമാണ്. 'ഞാന്‍ സോവിയറ്റ് യൂണിയനെ തകര്‍ത്തു' എന്ന് റീഗന്‍ പറയുമ്പോള്‍, 'ഞാന്‍ യുഎസിനെ തകര്‍ത്തു' എന്നാണ് ട്രംപ് മറുപടി പറയുന്നത്. 'ഓരോരുത്തര്‍ക്കും ഓരോ നേട്ടങ്ങളുണ്ട്' എന്നാണ് കാര്‍ട്ടൂണിന് അടിക്കുറിപ്പായി നല്‍കിയത്.


ഇറാനെ ശിലായുഗത്തിലേക്ക് കൊണ്ടുപോകുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഇറാന്‍ എംബസികളുടെ മറ്റൊരു പോസ്റ്റ്. 'എപ്സ്റ്റീന്‍ ക്ലാസ്സില്‍ പെട്ട ഒരാളുടെ വാചകക്കസര്‍ത്ത്' എന്നാണ് ട്രംപിന്റെ ഭീഷണിയെ പരിഹസിക്കുന്നത്. അങ്ങനെയൊരാള്‍ തങ്ങളുടെ ശബ്ദമായി മാറിയത് അമേരിക്കന്‍ ജനതക്ക് തന്നെ നാണക്കേടാണെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ ശിലകള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കും എന്ന് പറഞ്ഞ് ശിലാനിര്‍മിതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാചീന കാലത്ത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ റോമന്‍ ചക്രവര്‍ത്തി കീഴടങ്ങുന്നതിന്റെ ചിത്രമാണ് നല്‍കിയത്.


പശ്ചിമേഷ്യയില്‍ യുദ്ധം 37ാം ദിവസത്തേക്ക് കടന്നിരിക്കെ ഇറാനെതിരെ ഭീഷണി കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനില്‍ നരകം സൃഷ്ടിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍, ഭീഷണി തള്ളിയ ഇറാന്‍, യുഎസിന്റെ ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story