ഇറാൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ജൂൺ 13 മുതൽ നടത്തുന്ന ആക്രമണത്തിൽ ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞൻമാരെ ഇസ്രായേൽ വധിച്ചിരുന്നു.

തെഹ്‌റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌റാനിലെ ഒരു കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാൻ അധികൃതരോ ഇസ്രായേൽ സൈന്യമോ കൊലപാതകം സ്ഥിരീകരിച്ചിട്ടില്ല. ജൂൺ 13 മുതൽ നടത്തുന്ന ആക്രമണത്തിൽ ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞൻമാരെ ഇസ്രായേൽ വധിച്ചിരുന്നു.
അതിനിടെ തെക്കൻ ഇസ്രായേലിൽ ഇറാൻ മിസൈൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഭവന സമുച്ചയത്തിലാണ് മിസൈൽ പതിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഇസ്രായേലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. മിസൈലുകൾ പ്രതിരോധിക്കാൻ നീക്കം ആരംഭിച്ചതായി ഐഡിഎഫ് അറിയിച്ചു.
സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ നടപ്പാക്കി വരുന്നതായി ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. ബീർഷേബയിലെ ഇസ്രായേൽ ഗവേഷണ കേന്ദ്രമായ ഗാവ് യാം നെഗേവ് ടെക്‌നോളജി സെന്ററിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. ആക്രമണത്തെ തുടർന്ന് ബീർഷെബയിലെ റെയിൽവേ സ്‌റ്റേഷൻ അടച്ചിട്ടു. ഒരു കെട്ടിടം പൂർണമായും തകർന്നതായും മറ്റൊരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇസ്രായൽ ചാനലായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

