'ഇറാനികൾ ചർച്ചക്ക് മിടുക്കർ, അമേരിക്കയ്ക്ക് പൂർണമായും ഗുണകരമായ കരാർ മാത്രമാണ് വരിക': നിലപാട് വ്യക്തമാക്കി ട്രംപ്
അമേരിക്കയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു

- Published:
29 May 2026 8:07 AM IST

വാഷിങ്‌ടൺ: അമേരിക്കയ്ക്ക് പൂർണമായും ഗുണകരമാകുന്നൊരു നല്ല കരാർ മാത്രമായിരിക്കും ഇറാനുമായി ഒപ്പുവെക്കുകയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
യു.എസിന് ദോഷകരമാകുന്ന ഒരു കരാറിനും താൻ മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"നമുക്ക് ഗുണകരമല്ലാത്ത ഒരു കരാറും അംഗീകരിക്കില്ല എന്നതാണ് നമ്മുടെ ലക്ഷ്യം. ഞാൻ ചർച്ചകൾ നടത്തുന്നു, അവരും ചർച്ചകൾ നടത്തുന്നു. അവർ മികച്ച ചർച്ചക്കാരാണ്" ട്രംപ് പറഞ്ഞു.
അതേസമയം നിലവിലെ വെടിനിർത്തൽ നീട്ടുന്നതിനും കൂടുതൽ വിപുലമായ ആണവ ചർച്ചകൾക്ക് തുടക്കമിടുന്നതിനുമായി യു.എസും ഇറാനും ചേർന്ന് 60 ദിവസത്തെ താൽക്കാലിക ധാരണാപത്രത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതിന് പ്രസിഡന്റ് ട്രംപിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപം യു.എസ്-ഇറാൻ സൈനികർ തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ, നയതന്ത്രപരമായ മുന്നേറ്റവും സൈനിക ജാഗ്രതയും ഒരുപോലെ നിലനിർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.
ഇറാനുമായി ഉണ്ടാകാൻ ഇടയുള്ള ഏതൊരു കരാറിനെയും അമേരിക്കയുടെ തന്ത്രപരമായ വിജയമായി അവതരിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
ഇതിനിടെ അമേരിക്കയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു സമാധാന കരാർ സാധ്യമല്ലെന്ന് ട്രംപിന് ബോധ്യപ്പെട്ടാൽ, ഇറാനെതിരെ ശക്തമായ സൈനിക നടപടി വീണ്ടും മേശപ്പുറത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തൽ കരാർ കൊണ്ട് ഇറാന്റെ ആണവ ശേഷി വർദ്ധിപ്പിക്കുന്നത് തടയാൻ സാധിക്കുമോ എന്ന കാര്യത്തിൽ യുഎസ് നേതൃത്വത്തില്‍ വലിയ ചർച്ചകളാണ് നടക്കുന്നത്.
Adjust Story Font
16
