'യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ആർക്ക് മുന്നിലും അടിയറവെക്കില്ല'; നിലപാട് കടുപ്പിച്ച് ഇറാൻ
യുഎസ് പിന്തുണയില്ലെങ്കിലും സ്വന്തം നിലക്ക് ഇറാനെ ആക്രമിക്കാൻ മടിക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി ഏലി കോഹൻ പറഞ്ഞു

തെഹ്റാൻ: അമേരിക്കയുമായുള്ള രണ്ടാംവട്ട ചർച്ചയുടെ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ, ആണവ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം ആർക്ക് മുന്നിലും അടിയറവെക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനുമായുള്ള രണ്ടാംവട്ട പരോക്ഷ ചർച്ച ഈ ആഴ്ച നടക്കും എന്നാണ് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. തുടർ ചർച്ചാ തീയതി സംബന്ധിച്ച് അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടരുകയാണ്.
ബുധനാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും തീയതി പ്രഖ്യാപനം ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തുക, ഗൾഫ് മേഖലയില മിലീഷ്യകൾക്കുള്ള ഇറാൻ സഹായം വിലക്കുക എന്നിവയാകും അമേരിക്കയോട് ഇസ്രയേൽ ആവശ്യപ്പെടുക. നെതന്യാഹുവിനൊപ്പം ഇസ്രായേൽ സൈനിക മേധാവികളും നാളെ അമേരിക്കയിലേക്ക് പുറപ്പെടും.
അതേസമയം യുഎസ് പിന്തുണയില്ലെങ്കിലും സ്വന്തം നിലക്ക് ഇറാനെ ആക്രമിക്കാൻ മടിക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി ഏലി കോഹൻ പറഞ്ഞു. വൻശക്തികളോട് 'നോ' എന്ന് പറയാനുള്ള ആർജവമാണ് തങ്ങൾക്ക് ആണവായുധമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതിനിടെ, സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇറാൻ അറസ്റ്റ് ചെയ്തു. ഇറാൻ തടവിലുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി അധികശിക്ഷ നൽകിയതായി അവരുടെ അനുകൂലികൾ വെളിപ്പെടുത്തി. ജയിലിൽ നിരാഹാര സമരം പ്രഖ്യാപിച്ചതിൻറെ പേരിലാണ് പുതിയ ശിക്ഷയെന്നാണ് അനുയായികൾ പറയുന്നത്.
Adjust Story Font
16

