ഹോർമുസിൽ സഞ്ചരിക്കേണ്ട ട്രാക്ക് പുറത്തിറക്കി ഐ.ആർ.ജി.സി
കടലിന്റെ മധ്യഭാഗത്ത് ബോംബുകൾ സ്ഥാപിച്ചതിനാൽ ഇറാനോട് ചേർന്നുള്ള ഭാഗത്ത് കൂടെ പോകാനാണ് നിർദേശം

റിയാദ്: വെടിനിർത്തലിന് പിന്നാലെ കപ്പലുകൾ പോകേണ്ട പാത വ്യക്തമാക്കി ഇറാനിലെ വിപ്ലവസേന. കടലിന്റെ മധ്യഭാഗത്ത് ബോംബുകൾ സ്ഥാപിച്ചതിനാൽ ഇറാനോട് ചേർന്നുള്ള ഭാഗത്ത് കൂടെ പോകാനാണ് നിർദേശം. യുദ്ധം പൂർണമായി നിർത്തിയാൽ മാത്രമേ ബോംബുകൾ നീക്കം ചെയ്യുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ സൈന്യത്തിന്റെ പ്രത്യേക പെർമിഷൻ വഴിയാണ് ഇപ്പോഴും കപ്പലുകൾ നീങ്ങുന്നത്.
ഇന്ന് ഐ.ആർ.ജി.സി പുറത്തിറക്കിയ മാപ്പിലാണ് അപകട മേഖല വ്യക്തമാക്കുന്നത്. ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസിന്റെ മധ്യഭാഗത്ത് കൂടി പോകരുതെന്നാണ് മുന്നറിയിപ്പ്. ഈ മേഖലയിൽ കടൽ ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതായാണ് വിവരം. സുരക്ഷിതമായി പോകാൻ ഇറാൻ നാവികസേനയുമായി നേരിട്ട് ഏകോപനം നടത്തി അനുമതി വാങ്ങണമെന്ന് IRGC അറിയിച്ചിരിക്കുന്നു.
നേരത്തെ ഹോർമുസിന്റെ ഒമാനിനോട് ചേർന്നുള്ള റൂട്ട് ഉപയോഗിക്കുന്ന ടാങ്കറുകൾക്ക് ഇപ്പോൾ പുതിയ നിർദേശം ലഭിച്ചിട്ടുണ്ട്. അവയെ ഇറാനിനോട് അടുത്തുള്ള വടക്കൻ റൂട്ടിലേക്ക് മാറ്റാനാണ് IRGC നിർദേശം. ഇത് ഇറാൻ തീരത്തോട് ചേർന്നുള്ള ജലാശയങ്ങളിലൂടെയുള്ള പാതയാണ്. ഔദ്യോഗികമായി പറയുന്നില്ലെങ്കിലും കപ്പലുകൾ ഫീസ് നൽകേണ്ടതാണ് നിലവിലെ സാഹചര്യം. ഈ മാറ്റത്തിലൂടെ ഇറാൻ തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയും, കപ്പലുകളുടെ ചലനം പൂർണമായി നിരീക്ഷിക്കാനും ഇറാന് സാധിക്കും.
നിലവിലെ സാഹചര്യത്തിൽ ഇറാൻ കടൽബോംബുകൾ നീക്കം ചെയ്യാൻ യാതൊരു സാധ്യതയും ഇല്ല. മറിച്ച്, ഇവയെ യുദ്ധ ലക്ഷ്യം പൂർത്തിയാകും വരെ ഒരു തന്ത്രപരമായി ഉപയോഗിക്കുകയാണ് ഇറാൻ. നീക്കം ചെയ്താൽ വിലപേശൽ ശേഷി കുറയുമെന്നും ഇറാൻ കരുതുന്നു. സ്വതന്ത്രമായ യാത്ര ഹോർമുസ് വഴി സാധ്യമാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കൽ, നഷ്ടപരിഹാരം എന്നിവ ചൂണ്ടിക്കാട്ടി നിലവിലെ സ്ഥിതി ഇറാൻ തുടരാനാണ് സാധ്യത.
Adjust Story Font
16

