Quantcast

ഗസ്സയിലെ ഇസ്രായേൽ നരഹത്യ: അടിയന്തര ഇടപെടലുമായി അന്താരാഷ്ട്ര സമൂഹം

യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും, അസാധാരണ യോഗം വിളിച്ചുചേർത്ത് യൂറോപ്യൻ യൂനിയൻ, യുഎൻ ഉടന്‍ ഇടപെടണമെന്ന് ചൈന

MediaOne Logo

Web Desk

  • Published:

    16 May 2021 10:00 AM GMT

ഗസ്സയിലെ ഇസ്രായേൽ നരഹത്യ: അടിയന്തര ഇടപെടലുമായി അന്താരാഷ്ട്ര സമൂഹം
X

ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ അടിയന്തര ഇടപെടലുമായി അന്താരാഷ്ട്ര സമൂഹം. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗം വിളിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎൻ അടിയന്തരമായി ഇടപെടണമെന്ന് ചൈന ആവശ്യപ്പെട്ടു.

രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന്

അടിയന്തര യോഗം വിളിച്ചുചേർത്ത് യുഎൻ രക്ഷാസമിതി. മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനാണ് ഇന്ന് രക്ഷാസമിതി ഓൺലൈനായി ചേരുന്നത്.

പൗരന്മാർക്കും മാധ്യമങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു വിവേചനവുമില്ലാതെ പൗരന്മാരെയും മാധ്യമ ഓഫീസുകളെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അത്തരം സംഭവങ്ങൾ എന്തു വിലകൊടുക്കും ഒഴിവാക്കണമെന്നും ഗുട്ടറസ് മുന്നറിയിപ്പ് നൽകിയതായി യുഎൻ വക്താവ് സ്റ്റെഫാനി ദുജാറിക് വാർത്താകുറിപ്പിൽ അറിയിച്ചു.

അമേരിക്ക നീതിയുടെ എതിർപക്ഷത്ത്; യുഎൻ രക്ഷാസമിതി ഇടപെടണം: ചൈന

ഇസ്രായേലിനും ഹമാസിനുമിടയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ചൈന ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ രമ്യതയിലെത്തുന്ന കാര്യത്തിൽ രക്ഷാസമിതി ഇതുവരെ പരാജയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആക്ഷേപിച്ചു.

ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. പ്രസ്താവനയിൽ ചൈന അമേരിക്കയെയും രൂക്ഷമായി വിമർശിച്ചു. രക്ഷാസമിതിയുടെ നിഷ്‌ക്രിയത്വത്തിന് കാരണം അമേരിക്കയാണെന്നും അന്താരാഷ്ട്ര നീതിയുടെ വിരുദ്ധ പക്ഷത്താണ് അവർ നിലയുറപ്പിച്ചിട്ടുള്ളതെന്നും വാങ് യി കുറ്റപ്പെടുത്തി.

അസാധാരണ യോഗം വിളിച്ച് യൂറോപ്യൻ യൂനിയൻ

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂനിയനും അടിയന്തര യോഗം വിളിച്ചു. യൂനിയൻ വിദേശകാര്യ മന്ത്രിമാർ വിഡിയോ കോൺഫ്രൻസിലൂടെ വിഷയം ചർച്ച ചെയ്യുമെന്ന് വിദേശനയ തലവൻ ജോസഫ് ബോറൽ അറിയിച്ചു.

ഇസ്രായേലിനും ഫലസ്ഥീനും ഇടയിൽ തുടരുന്ന സംഘർഷത്തിന്റെയും അംഗീകരിക്കാനാകാത്ത തോതിലുള്ള സിവിലിയൻ ആളപായത്തിന്റെയും പശ്ചാത്തലത്തിലാണ് ഇയു വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ വിഡിയോ ടെലികോൺഫ്രൻസിങ് യോഗം വിളിച്ചുചേർത്തിരിക്കുന്നതെന്ന് ജോസഫ് ബോറൽ ട്വീറ്റ് ചെയ്തു. ആക്രമണങ്ങൾ അവസാനിപ്പിക്കാനായി യൂനിയന് ഏതുതരത്തിൽ ഇടപെടാനാകുമെന്ന കാര്യം ചർച്ച ചെയ്തു ഏകോപിപ്പിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വംശവിവേചനം നടത്തുന്ന ഇസ്രായേല്‍ ജനാധിപത്യ രാജ്യമല്ല; യുഎസ് പിന്തുണയെ വിമർശിച്ച് കോൺഗ്രസ് അംഗം

ഇസ്രായേൽ ആക്രമണത്തിന് പിന്തുണ തുടരുന്ന യുഎസ് ഭരണകൂടത്തിന്റെ നടപടിയെ കോൺഗ്രസ് അംഗം രൂക്ഷമായി വിമർശിച്ചു. വംശീയവിവേചനം തുടരുന്ന ഇസ്രായേൽ ജനാധിപത്യ രാജ്യമല്ലെന്ന് യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് പ്രതിനിധിയായ അലെക്‌സാണ്ട്രിയ ഒക്കാസിയോ കോർട്ടസ് ആക്ഷേപിച്ചു.

കഴിഞ്ഞ ദിവസം അൽജസീറ, അസോഷ്യേറ്റ് പ്രസ് ഓഫീസുകൾ ഇസ്രായേൽ ബോംബിട്ടു തകർക്കുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവച്ച അവർ അമേരിക്കയുടെ പിന്തുണയോടെയാണ് ഇതു നടക്കുന്നതെന്നും കുറ്റപ്പെടുത്തി. വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള യുഎൻ ആഹ്വാനം അമേരിക്ക വീറ്റോ ചെയ്തതാണ്. സ്വന്തം സഖ്യകക്ഷിയെ തടയാൻ ബൈഡൻ ഭരണകൂടത്തിനാകുന്നില്ലെങ്കിൽ പിന്നെ ആർക്കാണത് സാധിക്കുക? മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് എങ്ങനെ അവർക്ക് അവകാശപ്പെടാനാകുമെന്നും ഒക്കാസിയോ കോർട്ടസ് വിമർശിച്ചു.

TAGS :

Next Story