Quantcast

24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമിച്ചത് അഞ്ച് രാഷ്ട്രങ്ങൾ; അപലപിച്ച് രാഷ്ട്ര നേതാക്കൾ

ഖത്തറിന് പുറമേ കഴിഞ്ഞ 24 മണിക്കൂറിൽ തുനീഷ്യ, ലെബനോൻ, സിറിയ, ​ഗസ്സ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി

MediaOne Logo

Web Desk

  • Updated:

    2025-09-10 12:57:35.0

Published:

10 Sept 2025 1:34 PM IST

24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമിച്ചത് അഞ്ച് രാഷ്ട്രങ്ങൾ; അപലപിച്ച് രാഷ്ട്ര നേതാക്കൾ
X

ദോഹ: ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് രാഷ്ട്ര നേതാക്കൾ. കഴിഞ്ഞ ദിവസം ഇസ്രായേൽ ഹമാസ് കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് രാഷ്ട്ര നേതാക്കൾ പ്രതികരണവുമായി രം​ഗത്തെത്തിയത്. അനേകം ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഖത്തറിന് പുറമേ കഴിഞ്ഞ 24 മണിക്കൂറിൽ തുനീഷ്യ, ലെബനോൻ, സിറിയ, ​ഗസ്സ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി.

ഹമാസ് നേതൃത്വത്തെ ലക്ഷ്യം വെച്ച് 12 തവണയാണ് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയത്. അമേരിക്കയുമായി വരും ദിവസങ്ങളിൽ വെടിനിർത്തൽ ചർച്ച ചെയ്യാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ ഹമാസ് നേതാക്കളായ ഖലീൽ അൽ-ഹയ്യ, ഖാലിദ് മിശ്അ ൽ, സഹർ ജബാറിൻ എന്നിവർ രക്ഷപ്പെട്ടെങ്കിലും ഖലീൽ അൽഹയ്യയുടെ മകൻ ഹമ്മാം അൽ-ഹയ്യ, ഖലീലിന്റെ ഓഫീസ് ഡയറക്ടർ ജിഹാദ് ലുബ്ബാദ് എന്നിവർ കൊല്ലപ്പെട്ടു.

‌ഇസ്രായേലിന്റേത് ഭീരുത്വപൂർണമായ ആക്രമണം എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ താമസസ്ഥലങ്ങൾ, ഹമാസ് നേതാക്കളുടെ വീടുകൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചതായി ഖത്തർ സ്ഥിരീകരിച്ചു. അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവരും ദോഹ ആക്രമണത്തിൽ അപലപിക്കുകയും ഇസ്രായേൽ അധിനിവേശം തുർന്നാൽ ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

'ഇസ്രായേൽ സമാധാനം ആ​ഗ്രഹിക്കുന്നില്ല. പകരം യുദ്ധം തുടർന്നുകൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നത്'. തുർക്കി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. തുർക്കിയുടെ ഭരണപക്ഷ പാർട്ടിയുടെ വക്താവ് ഇസ്രായേൽ ഖത്തറിൽ നടത്തിയത് പ്രാകൃതമായ തീവ്രവാദ പ്രവർത്തമാണെന്ന് അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ ഖത്തർ ആക്രമണം ഖത്തറിന്റെ പരമാധികാരത്തെിന്റെയും പ്രാദേശിക സമ​ഗ്രതക്ക് മേലുള്ള കടന്ന് കയറ്റവുമെന്ന് യുഎൻ ചീഫ് അന്റോണിയോ ​ഗുട്ടറസ്. ആക്രമണത്തിൽ പോപ് ലിയോ അപലപിച്ചു. ഇറാൻ, ജോർദാൻ, സിറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളും ആക്രമണത്തിൽ അപലപിച്ച് പ്രസ്താവനയിറക്കി.

രാഷ്ട്രനേതാക്കൾക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളിലും ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളിൽ ക്രൂരമായ ആക്രമണമെന്നാണ് ഉപഭോക്താക്കളുടെ പ്രതികരണം. ഖത്തർ ഭരണഘടനയുടെ ആർ‌ട്ടിക്കിൾ അനുച്ഛേദം 7 പ്രകാരം, പ്രശ്നപരിഹാരവും സമാധാനവും രാജ്യത്തിന്റെ വിദേശനയത്തിന്റെ മൂലക്കല്ലാണെന്ന് എക്സിൽ ഒരാൾ കുറിച്ചു. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന അക്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെതരെയുള്ള ഇസ്രായേൽ നീക്കം പ്രശ്നങ്ങൾ അധികരിപ്പിക്കാനിടയാക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

ഇസ്രായേൽ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിന് മുമ്പായി അറിയിപ്പ് നൽകിയിരുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ വാദത്തെ തള്ളി ഖത്തർ രംഗത്ത് വന്നു. ആക്രമണം നടന്നു കൊണ്ടിരിക്കുമ്പോൾ മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്നും ഖത്തർ പറഞ്ഞു.

തിങ്കളാഴ്ച ജെറുസലേമിൽ നടന്ന വെടിവെപ്പിനെ തുടർന്നാണ് ദോഹയിൽ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധവകുപ്പ് മന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പാർലമ​ന്റം​ഗം അമിർ ഒഹാന ഇത് മുഴുവൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമുള്ള സന്ദേശമാണെന്ന അടിക്കുറിപ്പോടെ പങ്കുവെച്ചു.

TAGS :

Next Story