Quantcast

'ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയും': ഒന്നാംഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ

ബന്ദികളിൽ പകുതിപേരെ ഇപ്പോൾ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2025-03-02 10:53:50.0

Published:

2 March 2025 2:06 PM IST

ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയും: ഒന്നാംഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ
X

തെല്‍വ് അവീവ്: ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഗസ്സയിലേക്കുള്ള മുഴുവൻ മാനുഷിക സഹായവും തടയുമെന്ന് ഇസ്രായേൽ ഭീഷണി. ഗസ്സ തുരുത്തിനെ വീണ്ടും ഉപരോധിക്കാനുള്ള ഇസ്രായേൽ നീക്കം തുടർ ചർച്ചകൾക്കുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു.

ഹമാസിന്റെ പക്കലുള്ള ബന്ദികളിൽ പകുതിപേരെ ഇപ്പോൾ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല. ഇസ്രായേലിന്റേത് വിലകുറഞ്ഞ ഭീഷണിയെന്ന് ഹമാസ് വ്യക്തമാക്കി.

ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കുകയും രണ്ടാം ഘട്ടത്തിൽ തീരുമാനമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പുതിയ ഭീഷണിയുയർത്തിയത്.

ഗസ്സയിലേക്കുള്ള മുഴുവൻ മാനുഷിക സഹായവും തടഞ്ഞ് തുരുത്തിന് മേൽ പുതിയ ഉപരോധം തീർക്കുമെന്നാണ് ഭീഷണി. ഇതോടെ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തുടരാനുള്ള സാധ്യത മങ്ങി.

ഹമാസിന്റെ പക്കലുള്ള ബന്ദികളിൽ പകുതി പേരെ ഇപ്പോൾ കൈമാറണമെന്നും ശേഷിക്കുന്നവരെ പൂർണവെടിനിർത്തൽ നിലവിൽ വന്ന ശേഷം കൈമാറിയാൽ മതിയെന്നുമുള്ള ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല. രണ്ടാം ഘട്ട വെടിനിർത്തലിനോട് മുഖം തിരിഞ്ഞുനിന്നുള്ള ഇസ്രായേലിന്റെ ബദൽ നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ഹമാസ് നിലപാട്.

അതേസമയം വിട്ടുവീഴ്ചക്ക് തയ്യാറായാൽ റമദാനിൽ വെടിനിർത്തൽ തുടരാമെന്ന അമേരിക്കൻ നിർദേശവും ഹമാസ് തള്ളിയിരുന്നു. അമേരിക്കയുടെ നിർദേശം ആദ്യഘട്ടത്തിൽ ഇസ്രായേൽ അംഗീകരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. റമദാനിന്റെ ആദ്യ ദിനവും വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഹെബ്രോണിൽ 12 കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. നൂർശംസ് ക്യാമ്പില്‍ വീടുകൾ അഗ്നിക്കിരയാക്കുകയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു.

TAGS :

Next Story