അറബ് മന്ത്രിമാരുടെ വെസ്റ്റ്ബാങ്ക് സന്ദർശനം തടഞ്ഞ് ഇസ്രായേൽ
ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി റാമല്ലയിൽ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയായിരുന്നു സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അറബ് പ്രതിനിധി സംഘം

വെസ്റ്റ്ബാങ്ക്: അറബ് പ്രതിനിധി സംഘത്തിന്റെ ഫലസ്തീൻ സന്ദർശനം തടഞ്ഞ് ഇസ്രായേൽ. അധിനിവേശ വെസ്റ്റ്ബാങ്കിലേക്കുള്ള സന്ദർശനം തടയാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ അറബ് വിദേശകാര്യ മന്ത്രിമാരുടെ സംഘം അപലപിച്ചു. സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടുന്ന പ്രതിനിധി സംഘം ഞായറാഴ്ച റാമല്ലയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണാനിരിക്കുകയായിരുന്നു.
എന്നാൽ വെള്ളിയാഴ്ച വൈകി ഇസ്രായേൽ അധികൃതർ മന്ത്രിമാർക്ക് പ്രവേശനം നിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സന്ദർശനം മാറ്റിവച്ചതായി ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിന്റെ അതിർത്തി നിയന്ത്രിക്കുന്ന അധിനിവേശ ശക്തി എന്ന നിലയിൽ പ്രതിനിധി സംഘത്തിന് ഫലസ്തീനിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രായേലിന്റെ അനുമതി ആവശ്യമായിരുന്നു. മന്ത്രിമാർ ഈ നീക്കത്തെ ഒരു സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. കൂടാതെ ഇസ്രായേൽ സർക്കാരിന്റെ ധാർഷ്ട്യത്തെയും, അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവരുടെ അവഗണനയെയും തുടർച്ചയായ നിയമവിരുദ്ധ നയങ്ങളെയും ഈ നീക്കംപ്രതിഫലിപ്പിക്കുന്നുവെന്നും പറഞ്ഞു.
അറബികൾക്കും മുസ്ലീങ്ങൾക്കും ഫലസ്തീൻ ലക്ഷ്യത്തിന്റെ പ്രാധാന്യം അടിവരയിടുന്നതിനാണ് ഈ സന്ദർശനമെന്ന് സൗദി അറേബ്യയിലെ ഫലസ്തീൻ അംബാസഡർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'പ്രകോപനപരമായ' ശ്രമമായിട്ടാണ് കൂടിക്കാഴ്ചയെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. പ്രതിനിധി സംഘത്തെ നയിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഏകദേശം 60 വർഷത്തിനിടെ അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന സൗദി ഉദ്യോഗസ്ഥനാകുമായിരുന്നു. ഐക്യരാഷ്ട്രസഭയുടെയും നിരവധി യൂറോപ്യൻ സർക്കാരുകളുടെയും പിന്തുണയോടെ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേൽ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിക്കുന്നതിനിടെയാണ് ഈ സംഭവം.
Adjust Story Font
16

