Quantcast

സഹായങ്ങളുമായുള്ള യാത്രയിൽ ഇനി ഒരു കപ്പൽ മാത്രം; ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടിലയെ തടഞ്ഞ് ഇസ്രായേൽ

ഇരുപതോളം പടക്കപ്പലുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളൊരുക്കിയാണ് ബലപ്രയോഗത്തിലൂടെ ഇസ്രായേൽ സുമൂദ് ഫളോട്ടിലയിലെ നാൽപതിലേറെ ബോട്ടുകൾ പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-10-03 01:10:26.0

Published:

2 Oct 2025 6:51 PM IST

സഹായങ്ങളുമായുള്ള യാത്രയിൽ ഇനി ഒരു കപ്പൽ മാത്രം; ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടിലയെ തടഞ്ഞ് ഇസ്രായേൽ
X

തെൽഅവീവ്: ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയുമായി ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു. നാൽപതോളം ബോട്ടുകൾ പിടിച്ചെടുക്കുകയും ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയുമാണ്‌. വിലക്കിനിടയിലും മൈകാനോ ബോട്ട് ഗസ്സയുടെ തീരം തൊട്ടതായാണ് റിപ്പോർട്ട്. ഫ്‌ലോട്ടിലയെ തടഞ്ഞതിൽ യൂറോപ്പിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം ഉയർന്നു.

ഇരുപതോളം പടക്കപ്പലുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളൊരുക്കിയാണ് ബലപ്രയോഗത്തിലൂടെ ഇസ്രായേൽ സുമൂദ് ഫളോട്ടിലയിലെ നാൽപതിലേറെ ബോട്ടുകൾ പിടിച്ചെടുത്തത്. ഒരു ബോട്ട് ഒഴികെ എല്ലാം പിടിച്ചെടുത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ഗസ്സ തീരം വരെ എത്താൻ ഫ്‌ലോട്ടിലയുടെ ഭാഗമായ ഒറ്റ ബോട്ടിനും സാധിച്ചില്ലെന്നും ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ മൈകാനോ എന്ന ബോട്ട് ഗസ്സ തീരം തൊട്ടതായി റിപ്പോർട്ടുണ്ട്. 43 ബോട്ടുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500ഓളം ആക്ടിവിസ്റ്റുകളാണ് ഫ്‌ലോട്ടിലയിൽ പങ്ക് ചേർന്നത്. ഡ്രോണുകൾ അയച്ചും സമുദ്രത്തിൽ മൈനുകൾ പാകിയും യാനവ്യൂഹത്തിന്റെ ഗസ്സയിലേക്കുള്ള യാത്ര തടയാൻ ശ്രമിച്ച ഇസ്രായേൽ നാവിക സേന, ആഗോള സമ്മർദം കാരണം ആക്രമണ നടപടി ഉപേക്ഷിക്കുകയായിരുന്നു. ബോട്ടുകൾ വളഞ്ഞ സൈന്യം ബലം പ്രയോഗിച്ച് ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. മലിന ജലം ചീറ്റുകയും മർദിക്കുകയും ചെയ്തതായി ആക്ടിവിസ്റ്റുകൾ പറഞ്ഞു. ആഗോള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബെർഗും അറസ്റ്റിലായവരിൽ ഉൾപ്പെടും.

അസ്‌ദോദ തുറമുഖത്തിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരെ യൂറോപ്പിലേക്ക് തിരിച്ചയക്കാൻ നടപടി പുരോഗമിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. ജീവകാരുണ്യ സഹായം നൽകാൻ നിരായുധരായി പുറപ്പെട്ട സംഘത്തെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ തടഞ്ഞത് ആഗോളനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫ്‌ലോട്ടില സംഘാടകർ കുറ്റപ്പെടുത്തി. നടപടിക്കെതിരെ ലോകം ഒന്നാകെ പ്രതിഷേധിക്കണമെന്ന് ഹമാസ ആവശ്യപ്പെട്ടു. ഇസ്രായേൽ നടപടിക്കെതിരെ റോം, ബ്രസൽസ്, ഇസ്തംബുൾ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി.

ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂനിയൻ രാജ്യവ്യാപക ബന്ദിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഇസ്രായേൽ നയതന്ത്രജ്ഞരെ പുറത്താക്കാൻ കൊളംബിയ ഉത്തരവിട്ടു. ഫ്‌ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബനീസും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും പറഞു.

TAGS :

Next Story