Quantcast

620 തടവുകാരെയും പുതിയ സംഘത്തെയും കൈമാറിയാൽ നാല് ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്

കൈറോയിൽ നടന്ന സമവായ ചർച്ചയിലാണ് ധാരണയായത്. അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Feb 2025 7:10 PM IST

620 തടവുകാരെയും പുതിയ സംഘത്തെയും കൈമാറിയാൽ നാല് ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്
X

ഗസ്സസിറ്റി: ഇസ്രായേൽ നിർത്തിവെച്ച ഫലസ്തീൻ തടവുകാരുടെ കൈമാറ്റത്തിന് ധാരണയായി. 620 തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ച് തടവുകാരെയും കൈമാറിയാൽ നാല് ഇസ്രായേൽ ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറും.

കൈറോയിൽ നടന്ന സമവായ ചർച്ചയിലാണ് ധാരണയായത്. അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചു. ഹെബ്രോൺ, തുൽകറം, നെബലൂസ് പ്രദേശങ്ങളിൽ നിന്ന് 50ലധികം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. നൂർ ശംസ് ക്യാമ്പില്‍ നിന്ന് അഭയാർഥി പ്രവാഹമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച ഹമാസ് മോചിപ്പിച്ച ആറ് ഇസ്രായേൽ ബന്ദികൾക്ക് പകരം 620 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ വിട്ടയക്കേണ്ടിയിരുന്നത്. എന്നാൽ കരാർ പാലിക്കാതെ ഇസ്രായേൽ അവസാന നിമിഷം തടവുകാരുടെ കൈമാറ്റം മാറ്റിവെച്ചു. ശേഷം കൈറോയിൽ നടന്ന സമവായ ചർച്ചയിലാണിപ്പോൾ തടവുകാരുടെ മോചനത്തിന് വഴി തെളിഞ്ഞത്.

വൈകാതെ 620 ഫലസ്തീൻ തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ചിലെ സമാന എണ്ണം തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും. ഇവരെ മോചിപ്പിച്ച ശേഷം നാല് ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസും സന്നദ്ധത അറിയിച്ചു. കരാർ ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയില്ല. അതേസമയം പുതിയ കരാര്‍, ഇസ്രായേൽ പാലിക്കുമെന്ന് മധ്യസ്ഥരിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു

അതിനിടെ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയതായി ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.

അനുരജ്ഞന ചർച്ചകൾക്കിടയിലും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനിക നടപടി കടുപ്പിക്കുകയാണ്. 50 ഓളം പേരെ ഇന്നും ഇസ്രയായേൽ സൈന്യം അറസ്റ്റ് ചെയ്തു. നേരത്തെ വിട്ടയക്കപ്പെട്ട തടവുകാരെയും കുട്ടികളെയും ഉൾപ്പെടെയാണ് ഇസ്രായേൽ സൈന്യം തടവിലാക്കിയത്. തുൽകറം നൂർശംസ് നെബലൂസ് ക്യാന്പുകളിൽ നിന്ന് അഭയാർഥി പ്രവാഹം തുടരുകയാണ്.

TAGS :

Next Story