ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ത്യൻ സമയം രാവിലെ 10.30ന്; യുദ്ധം അവസാനിച്ചെന്ന് ആവർത്തിച്ച് ട്രംപ്
ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും

Photo| NDTV
തെൽ അവിവ്: രണ്ടു വർഷത്തിലേറെയായി ഹമാസ് പിടിയിലുള്ള 20 ബന്ദികളെ ഇന്ന് വിട്ടയക്കും. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും. അതേസമയം ഈജിപ്തിലെ കെയ്റോയിൽ ഇന്ന് നടക്കുന്ന സമാധാന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സംബന്ധിക്കും. ഇസ്രായേലിന്‍റെ പിന്തുണയുള്ള ഗസ്സയിലെ സായുധക്രിമിനൽ സംഘം നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.
ഇരുപത് ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത് എട്ടിനുണ്ടാകും എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് റെഡ്ക്രോസ് സംഘം മുഖേന ഇസ്രയേലിന് കൈമാറും. ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ് ധാരണ. രാവിലെ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർലമെന്റിൽ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും.
ഇത്തവണ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്‍റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്. ഈജിപ്ത് ചെങ്കടൽ തീരത്തെ ശറമുശ്ശൈഖിൽ ഇന്ന് നടക്കുന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടി നിർണായകമാണ്. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇറ്റലി,സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി,ഇന്ത്യ, ജോർഡൻ, തുർക്കി, യുഎഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചേകാടിക്കെത്തും.
1950 ഫലസ്തീൻ തടവുകാരെയാണ് കരാർപ്രകാരം ഇസ്രയേൽ വിട്ടയക്കേണ്ടത്. എന്നാൽ തങ്ങൾ നൽകിയ പട്ടിക അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഇസ്രായേൽ നടപടി കരാർ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി ഗസ്സക്ക് ആവശ്യമായ വൈദ്യസഹായ വിതരണവും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഹമാസിനെ നിരായുധീകരിച്ചില്ലെങ്കിൽ സൈനികാക്രമണത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് നെതന്യാഹുവും ഹമാസിന്‍റെ തുരങ്കങ്ങൾ തകർക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെപ്രസ്താവനയും ആശങ്കക്കിടയാക്കി.
അതിനിടെ, ഗസ്സ സിറ്റിയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽ ജാഫറാവി കൊല്ലപ്പെട്ടു. ഇസ്രയേൽ പിന്തുണയുള്ള ഈ സായുധ സംഘത്തിലെ 60പേരെ പിടികൂടിയതായി ഹമാസ് അറിയിച്ചു.
Adjust Story Font
16

