ഒടുവിൽ നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ; വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ
വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇടനാഴി തുറക്കേണ്ടതായിരുന്നു

ഗസ്സ സിറ്റി: ഒടുവിൽ വടക്കൻ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. അതിർത്തിയിൽ രണ്ടുദിവസമായി പതിനായിരങ്ങൾ കാത്തിരിക്കുകയായിരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇടനാഴി തുറക്കേണ്ടതായിരുന്നു. എന്നാൽ ഇസ്രായേൽ അനുമതി നൽകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
വനിതാ ബന്ദി അർബേൽ യഹൂദിനെ കൈമാറും വരെ വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേൽ. എന്നാൽ അർബേൽ യഹൂദ് ജീവനോടെയുണ്ടെന്നും ശനിയാഴ്ച അവരെ കൈമാറാമെന്നും ഇസ്ലാമിക് ജിഹാദ് അറിയിച്ചു. അതുവരെ വരെ കാത്തിരിക്കാനാവില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ഇടനാഴി തുറക്കാനായി ഇരു വിഭാഗവുമായി മധ്യസ്ഥ രാജ്യങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. കരാർ അട്ടിമറിക്കാനുള്ള ഇസ്രായേൽ നീക്കം മാത്രമാണ് പുതിയ വിവാദത്തിന് പിന്നിലെന്നായിരുന്നു ഹമാസിന്റെ ആരോപണം.
Adjust Story Font
16

