ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ: ആയിരത്തിലധികം ഫലസ്തീൻ തടവുകാരുടെ മോചനത്തിന് വഴിതുറക്കുന്നു
നാളെ രാവിലെ പ്രാദേശികസമയം 8.30 മുതലാണ് വെടിനിർത്തൽ കരാർ നിലവിൽവരുന്നത്.

ഗസ്സ: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ യാഥാർഥ്യമാവുന്നതോടെ ഒരു തെറ്റും ചെയ്യാതെ വർഷങ്ങളായി ഇസ്രായേലി ജയിലിൽ കഴിയുന്ന ആയിരത്തിലധികം ഫലസ്തീനികളാണ് സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാൻ ഒരുങ്ങുന്നത്. ബന്ദികളെ വിട്ടയക്കുന്നതിന് പകരം ഇസ്രായേൽ മോചിപ്പിക്കുന്ന തടവുകാരുടെ എണ്ണത്തിൽ വ്യക്തത വന്നിട്ടില്ല. വെടിനിർത്തൽ കരാറിന്റെ പൂർണരൂപം പുറത്തുന്നാൽ മാത്രമേ ഏത്ര തടവുകാർ മോചിപ്പിക്കപ്പെടുന്ന കൃത്യമായ കണക്ക് കിട്ടുകയുള്ളൂ.
10,400 ഫലസ്തീനികൾ ഇസ്രായേൽ ജയിലിൽ കഴിയുന്നുണ്ടെന്നാണ് ഫലസ്തീൻ തടവുകാർക്കായി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത്. കഴിഞ്ഞ 15 മാസമായി തുടരുന്ന ഏറ്റുമുട്ടലിനിടെ അറസ്റ്റ് ചെയ്തവരെ കൂടാതെയാണിത്. വെടിനിർത്തൽ നിലവിൽ വരുന്ന നാളെ 95 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. പ്രാദേശിക സമയം വൈകിട്ട് നാലിനാണ് തടവുകാരെ മോചിപ്പിക്കുക.
മൂന്നുഘട്ടമായുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ 33 ഇസ്രായേലി ബന്ദികൾക്ക് പകരമായാണ് ആയിരത്തിലധികം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത്. രോഗികളും പരിക്കേറ്റവരുമായ ഒമ്പത് ഇസ്രായേലി ബന്ദികൾക്ക് പകരമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 110 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. കൂടാതെ 50 വയസിന് മുകളിൽ പ്രായമുള്ള ഇസ്രായേലി പുരുഷ ബന്ദികൾക്ക് പകരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫലസ്തീൻ തടവുകാരെ 1:3 എന്ന അനുപാതത്തിലും മറ്റുള്ളവരെ 1:27 എന്ന അനുപാതത്തിലും വിട്ടയക്കും.
നേരത്തെയും ഇസ്രായേൽ-ഫലസ്തീൻ സമാധാന ചർച്ചകളിൽ തടവുകാരുടെ മോചനം പ്രധാനപ്പെട്ട നിബന്ധനയായിരുന്നു. 2013ൽ സമാധാന ചർച്ചകൾ വഴിമുട്ടിയഘട്ടത്തിൽ നൂറിലധികം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബിന്യാമിൻ നെതന്യാഹു സമ്മതിച്ചിരുന്നു. എന്നാൽ 1983ലെ കരാറുമായാണ് നിലവിലെ കരാറിന് കൂടുതൽ സാമ്യം. ആറ് ഇസ്രായേലി സൈനികർക്ക് പകരമായി 4,500 ഫലസ്തീൻ തടവുകാരെയാണ് അന്ന് വിട്ടയച്ചത്. 1985ൽ മൂന്ന് ഇസ്രായേലി സൈനികർക്ക് പകരമായി 1,150 ഫലസ്തീൻ തടവുകാരെ വിട്ടയച്ചിരുന്നു.
2011ൽ ഗിലാത് ഷാലിതിനെ വിട്ടയക്കുന്നതിന് പകരമായി 1,027 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേലിന് മോചിപ്പിക്കേണ്ടിവന്നത്. 2006ൽ ഇസ്രായേൽ അതിർത്തിയിൽ കടന്നുകയറി ഹമാസ് പിടികൂടിയ ഷാലിതിന്റെ അഞ്ച് വർഷത്തെ ചർച്ചക്കൊടുവിലാണ് വിട്ടയച്ചത്.
ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി) നേതാവ് ഖാലിദ ജറാൽ ആണ് പുതിയ വെടിനിർത്തൽ കരാർ പ്രകാരം ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ഒരാൾ. ഫതഹ് പാർട്ടി നേതാവ് മർവാൻ ബർഗൂത്തിയാണ് മോചിതനാകുന്ന മറ്റൊരു പ്രമുഖൻ. ബർഗൂതിയെ മോചിപ്പിക്കാൻ നേരത്തെ നിരവധി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിൽ ഇസ്രായേൽ വിസമ്മതിക്കുകയായിരുന്നു. 2006ൽ ഫലസ്തീൻ തടവുകാരെ കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവിന് വിവരങ്ങൾ നൽകിയത് ബർഗൂത്തിയായിരുന്നു. അദ്ദേഹം ജയിൽ മോചിതനാകുന്നത് ഫലസ്തീൻ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പിഎഫ്എൽപി തലവൻ അഹമ്മദ് സാദത്ത് ആണ് മോചിപ്പിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ. 2001ൽ ഇസ്രായേൽ ടൂറിസം മന്ത്രിയായിരുന്ന റെഹവാം സേവിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം സാദത്തിനെതിരെ കേസിൽ മതിയായ തെളിവുകളില്ലെന്ന് ഇസ്രായേലി നീതിന്യായ മന്ത്രാലയം കണ്ടെത്തിയിരുന്നു.
വെടിനിർത്തൽ കരാർ നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും ഗസ്സയിൽ രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ബുധനാഴ്ച രാത്രി വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം 33 കുട്ടികളടക്കം 122 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 15 മാസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഓരോ ദിവസവും കുറഞ്ഞത് 35 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 46,899 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. 110,725 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Adjust Story Font
16

