Quantcast

പാഠമായി ഫല്ലൂജയും മൊസൂളും, യുഎസിന്റെ ആശങ്ക- ഗസ്സയിൽ കരയാക്രമണം എളുപ്പമാകില്ല

ഗസ്സയിൽ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മുമ്പിൽ വച്ച ബ്ലൂ പ്രിന്റ് പെന്റഗണിന് ബോധ്യപ്പെട്ടിട്ടില്ല.

MediaOne Logo

അഭിമന്യു എം

  • Updated:

    2023-10-25 08:34:27.0

Published:

25 Oct 2023 8:31 AM GMT

gaza
X

അവസാനത്തെ ഹമാസ് 'തീവ്രവാദി'യെ വരെ ഇല്ലായ്മ ചെയ്യുമെന്നു പ്രഖ്യാപിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയില്‍ യുദ്ധം ആരംഭിച്ചത്. ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ കരയാക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇസ്രയേൽ. അതിനായി മൂന്നര ലക്ഷം വരുന്ന റിസർവ് സേനയെ കൂടി ഇസ്രായേല്‍ യുദ്ധമുഖത്ത് സജ്ജമാക്കിക്കഴിഞ്ഞു. നാവിക-വ്യോമ-കര സേനകളുടെ സംയുക്ത ആക്രമണത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത്.

എന്നാൽ കരയാക്രമണം തിടുക്കത്തിൽ വേണ്ടതില്ലെന്ന നിലപാടാണ് യുഎസ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. ഇതിനായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മുമ്പിൽ വച്ച ബ്ലൂ പ്രിന്റ് പെന്റഗണിന് ബോധ്യപ്പെട്ടിട്ടില്ല. ഇതുവച്ച് ലക്ഷ്യം നേടാനാവില്ല എന്നാണ് അവർ അറിയിച്ചിട്ടുള്ളത്. കൂടുതൽ തയ്യാറെടുപ്പുകൾ നടത്താനാനാണ് പെന്റഗന്റെ നിർദേശം. തന്ത്രങ്ങൾ രൂപവത്കരിക്കുന്നതിനായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനെയും ലഫ്. ജനറൽ ജെയിംസ് ഗ്ലിന്നിനെയും യുഎസ് ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്.


ലോയ്ഡ് ജെ ഓസ്റ്റിന്‍


ആക്രമണത്തിന്റെ പത്താം ദിവസമായ, ഒക്ടോബർ 17ന് കരയാക്രമണം ആരംഭിക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. എന്നാൽ ഇരുനൂറിലേറെ ബന്ദികൾ ഹമാസിന്റെ കൈവശം ഇപ്പോഴുമുള്ളതും അന്താരാഷ്ട്ര സമ്മർദങ്ങളും അതിനു തടസ്സമായി.

മുമ്പിൽ മൊസൂളും ഫല്ലൂജയും

ഇറാഖിലെ ഫല്ലൂജയിൽ 2004ൽ നടത്തിയ കരയാക്രമണവും 2017ൽ മൊസൂളിൽ നടത്തിയ സർജിക്കൽ-ടാർഗറ്റഡ് ആക്രമണവുമാണ് യുഎസ് ഗസ്സയിലെ പാഠപുസ്തകങ്ങളായി എടുത്തിട്ടുള്ളത്. ഐഡിഎഫ് നടത്തേണ്ടത് ഫല്ലൂജ മോഡൽ ആക്രമണമാണെന്ന് കാബിനറ്റ് മന്ത്രിമാർ തങ്ങളോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിരവധി പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ട യുദ്ധമായിരുന്നു ഫല്ലൂജയിലേത്.

ഓപറേഷൻ ഇറാഖി ഫ്രീഡത്തിന്റെ ഭാഗമായി, ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ (ഐഎസ്) നവംബർ ഏഴു മുതൽ ഡിസംബർ 23 വരെയായിരുന്നു ഫല്ലൂജയിലെ കരയുദ്ധം. തലസ്ഥാനമായ ബഗ്ദാദിന് എഴുപത് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് അൽ അൻബാർ പ്രവിശ്യയിൽ യൂഫ്രട്ടീസ് നദിക്കരയിലാണ് ഫല്ലൂജ സ്ഥിതി ചെയ്യുന്നത്. 25 കിലോമീറ്റർ ചുറ്റളവിൽ മൂന്നു ലക്ഷം പേരാണ് ഫല്ലൂജയിൽ അധിവസിച്ചിരുന്നത്.

യുകെ, ഇറാഖി ഇടക്കാല ഗവൺമെന്റ് എന്നിവയുമായി സഹകരിച്ചായിരുന്നു യുഎസിന്റെ ഫല്ലൂജ ഓപറേഷൻ. ആറാഴ്ച നീണ്ട ഓപറേഷൻ യുഎസിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. 68ലെ വിയറ്റ്‌നാം യുദ്ധ ശേഷം യുഎസ് സൈന്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫല്ലൂജയിലേത്. സംയുക്ത സേനയിലെ 107 സൈനികരാണ് കൊല്ലപ്പെട്ടത്. 613 പേർക്ക് പരിക്കേറ്റു. യുഎസ് സേനയിൽ നിന്നു മാത്രം 54 പേർ കൊല്ലപ്പെട്ടു. 1500 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു. ആൾനഷ്ടത്തിന് പുറമേ, കനത്ത നാശനഷ്ടങ്ങളും ഫല്ലൂജയിലുണ്ടായി. ആകെയുണ്ടായിരുന്ന അമ്പതിനായിരം കെട്ടിടങ്ങളിൽ പത്തായിരത്തോളം തകർക്കപ്പെട്ടു. 200 പള്ളികളിൽ അറുപതോളം ആക്രമണത്തിനിരയായി.


യുഎസ് സൈന്യം ഫല്ലൂജയില്‍


ഗസ്സയില്‍ കൃത്യമായ പദ്ധതികളില്ലാതെ കരയുദ്ധത്തിന് ഒരുമ്പെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് ഭയപ്പെടുന്നുണ്ട്. ഗസ്സയ്ക്കടിയിലെ തുരങ്കശൃംഖല കരയാക്രമണത്തിൽ ഹമാസിന് നൽകുന്ന മേധാവിത്വം യുഎസ് മുൻകൂട്ടി കാണുന്നു. അതുമാത്രമല്ല, ഫല്ലൂജയിൽ ഐഎസ് പ്രവർത്തിച്ച പോലെയല്ല ഗസ്സയിൽ ഹമാസ്. ജനങ്ങൾക്കിടയിൽ വലിയ രാഷ്ട്രീയ സ്വാധീനമുള്ള സംഘടനാണത്.

ഫല്ലൂജയേക്കാൾ, 2017ൽ മൊസൂളിൽ നടത്തിയ വ്യോമാക്രമണ മോഡലിനാണ് യുഎസ് ഗസ്സയിൽ മുൻതൂക്കം നൽകുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റിൽ (ഐഎസ്‌ഐഎൽ) നിന്ന് മൊസൂളിനെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 3846 സിവിലിയന്മാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഇറാഖി ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്ക്. പടിഞ്ഞാറൻ മൊസൂളിൽ മാത്രം പതിനായിരത്തിലേറെ വീടുകൾ തകർക്കപ്പെടുകയും ചെയ്തു.

ഇസ്രായേൽ ദീർഘയുദ്ധത്തിന്

ഗസ്സയിലെ ലക്ഷ്യം എളുപ്പത്തിൽ നേടാനാവില്ലെന്ന ബോധ്യം ഇസ്രായേലിനുണ്ട്. അതുകൊണ്ടാണ് നിലവിലെ സൈന്യത്തിന് പുറമേ, 360,000 ലക്ഷം വരുന്ന റിസർവ് സേനയെ കൂടി ഗവൺമെന്റ് സജ്ജമാക്കി നിർത്തിയിട്ടുള്ളത്. വരുംവരായ്കകൾ നോക്കാതെ ആക്രമണം നടത്താനുള്ള മുന്നൊരുക്കമാണ് ഇസ്രായേൽ സൈന്യത്തിന്റേത്. എന്നാൽ അത് ബുദ്ധിപൂർവ്വമാകില്ല എന്ന വിലയിരുത്തലില്‍ യു.എസും.

2014ൽ സമാനമായ കരയാക്രമണത്തിൽ ഇസ്രായേൽ സേനയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായിരുന്നത്. ആന്റ് ടാങ്ക് മൈനുകളും ഗറില്ലാ ആക്രമണവും കൊണ്ടാണ് അന്ന് ഹമാസ് ഇസ്രായേലിനെ നേരിട്ടത്. ധാരാളം സിവിലിന്മാരും അന്ന് കൊല്ലപ്പെട്ടിരുന്നത്. അത് മുമ്പിൽക്കണ്ടാണ് ഗസ്സയുടെ വടക്കു ഭാഗത്തു നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ജനങ്ങളോട് ആവശ്യപ്പെട്ടത്.


ബെഞ്ചമിന്‍ നെതന്യാഹു


ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കാണാത്തതും കരയാക്രമണം വൈകാനുള്ള കാരണമായി മാറിയിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, യുകെ രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ വിട്ടുകിട്ടാൻ ഹമാസിന് മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ അന്താരാഷ്ട്ര സമ്മർദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നെതന്യാഹുവിന് ആകില്ല.

ഹിസ്ബുല്ല ഫാക്ടർ

ഗസ്സയിൽ കരയാക്രമണം തുടങ്ങിയാൽ ലബനാനിൽ നിന്ന് ഹിസ്ബുല്ലയുടെ ആക്രമണവും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. താരതമ്യേന മികച്ച ആയുധബലമുള്ള സംഘമാണ് ഹിസ്ബുല്ല. അന്താരാഷ്ട്ര തലത്തിൽ ഇറാന്റെ പിന്തുണയും ഹമാസിന് കരുത്താകും.

TAGS :

Next Story