ഗസ്സയിൽ ഹമാസിന്റെ നിലപാടിന് മുന്നിൽ മുട്ടുമടക്കി ഇസ്രായേൽ; രണ്ടാംഘട്ട ചർച്ചക്കൊരുങ്ങുന്നു
സുരക്ഷാ വിഭാഗങ്ങളുമായും അമേരിക്കയുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ സംഘത്തെ ദോഹയിലേക്ക് അയക്കാനുള്ള തീരുമാനം

തെല്‍അവീവ്: സമ്മർദതന്ത്രം ഫലിക്കില്ലെന്ന് കണ്ടതോടെ ഹമാസുമായി വീണ്ടും ചർച്ചക്കൊരുങ്ങി ഇസ്രായേൽ. രണ്ടാംഘട്ട ചർച്ചക്കായി ഇസ്രായേൽ സംഘം നാളെ ദോഹയിലെത്തും.
സുരക്ഷാ വിഭാഗങ്ങളുമായും അമേരിക്കയുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ സംഘത്തെ നാളെ ദോഹയിലേക്ക് അയക്കാനുള്ള തീരുമാനം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫീസാണ് തീരുമാനം പ്രഖ്യാപിച്ചത്. നെതന്യാഹുവിന്‍റെ രാഷ്ട്രീയ ഉപദേശകൻ ഒഫിർ ഫാൾക്കും സംഘത്തിലുണ്ടാകും.
മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ, അമേരിക്കൻ നേതൃത്വവുമായി തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. സമ്പൂർണ വെടിനിർത്തൽ കൂടാതെ ഇനി ബന്ദികളെ കൈമാറില്ലെന്ന നിലപാടിൽ ഹമാസ് ഉറച്ചുനിൽക്കുകയും ഇസ്രായേലിൽ ബന്ദികളുടെ ബന്ധുക്കള്‍ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ നെതന്യാഹു ഭരണകൂടം വെട്ടിലാകുകയായിരുന്നു.
ആക്രമണം പുനരാരംഭിച്ചാൽ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന തിരിച്ചറിവും ഹമാസുമായി ചർച്ചക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ച ഘടകമാണ്. അതേസമയം രണ്ടാംവട്ട ചർച്ചക്ക് വേദിയൊരുങ്ങുന്നത് നല്ല കാര്യമാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ഉപരോധം ബന്ദികളെയും ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
എന്നാല്‍ ഹമാസിനെതിരായ പോരാട്ടത്തിൽ ട്രംപ് ഭരണകൂടം നൽകിവരുന്ന സഹായം വളരെ വലുതാണെന്ന് നെതന്യാഹു പ്രതികരിച്ചു. അതിനിടെ, ഗസ്സയിലേക്കുള്ള സഹായത്തിനേർപ്പെടുത്തിയ ഉപരോധം ഇസ്രായേൽ നാലു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അവർക്കെതിരായ നാവിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ പട്ടിണിയും ദുരിതവും വ്യാപിക്കുന്നതായ യുഎൻ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ പശ്ചാതലത്തിലാണ് ഹൂതികളുടെ ഭീഷണി.
Adjust Story Font
16

