Quantcast

ഗസ്സയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ഇസ്രായേൽ; ഇൻറനെറ്റ് ബന്ധം പുനഃസ്ഥാപിക്കപ്പെട്ടെന്ന് വാർത്ത

ഗസ്സയിൽ ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നത് 50 പേർ

MediaOne Logo

Web Desk

  • Updated:

    2023-10-29 05:12:01.0

Published:

29 Oct 2023 4:34 AM GMT

Israel has started the second phase of attack in Gaza; News that the internet connection has been restored in Gaza
X

ഗസ്സ: ഗസ്സയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ഇസ്രായേൽ. ശനിയാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം പറഞ്ഞത്. കരസേനയെ അയച്ചുകൊണ്ട് സൈന്യം ഗസ്സയ്‌ക്കെതിരായ യുദ്ധത്തിൽ 'രണ്ടാം ഘട്ടം' തുടങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ 7,700 പേർ ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ നീക്കം.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഭൂമിയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും ഇസ്രായേൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയ്ക്കുള്ളിലെ കര പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. രണ്ടാംഘട്ടം ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാൽ തങ്ങൾ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.

'ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്, അതിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്: ഹമാസിന്റെ സൈനിക, ഭരണ കഴിവുകൾ നശിപ്പിക്കുകയും ബന്ദികളെ നാട്ടിലെത്തിക്കുകയുമാണവ' അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇസ്രയേലി ബന്ദികളേയും തിരികെ കൊണ്ടുവരാൻ താൻ തീരുമാനിച്ചതായും ഗ്രൗണ്ട് ഓപ്പറേഷൻ ഈ ദൗത്യത്തിൽ തങ്ങളെ സഹായിക്കുമെന്നുമാണ് നെതന്യാഹു പറയുന്നത്.

ബന്ദികളെ മോചിപ്പിക്കുന്നതിനായി നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്. അതിനായി കരയുദ്ധം നടത്തണമെന്നും വലതുപക്ഷം ആവശ്യമുയർത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവനകളെന്ന് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴും കരയുദ്ധം ആരംഭിച്ചുവെന്ന് ഇസ്രായേൽ പറയുന്നില്ല. ഇസ്രായേൽ തടങ്കലിൽ കഴിയുന്ന എല്ലാ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ബന്ദികളെ ഉടൻ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിക്കുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സയിൽ നടന്നത്. ഓരോ മണിക്കൂറിലും 50 പേരാണ് കൊല്ലപ്പെടുന്നത്. കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും രണ്ടായിരത്തിലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ധനമില്ലാത്തതിനാൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ കഴിയാതെ സന്നദ്ധസേവകർ കുഴങ്ങുകയാണ്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ ഫലസ്തീൻകാരുടെ മരണസംഖ്യ 7,700-ലധികമായി ഉയർന്നിരിക്കുകയാണ്.

അതേസമയം, ഗസ്സയിൽ ഇന്റർനെറ്റ്, ആശയവിനിമയ സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ലാൻഡ്‌ലൈൻ, മൊബൈൽ, ഇൻറനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നതായി ഫലസ്തീൻ ടെലികമ്യൂണിക്കേഷൻ കമ്പനിയും എക്‌സിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയൽ ടൈം നെറ്റ്‌വർക്ക് ഡാറ്റ ഗസ്സയിൽ ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയതായി നെറ്റ്‌ബ്ലോക്ക്‌സ് എക്‌സിൽ അറിയിച്ചു. ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ബന്ധം തടസ്സപ്പെട്ടിരുന്നത്. ഇതോടെ ഗസ്സ നിവാസികൾക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വൈഫൈ വഴി ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നാണ് മാധ്യമപ്രവർത്തകരും സമൂഹ മാധ്യമ ഉപഭോക്താക്കളും പറയുന്നത്. അതേസമയം, വെസ്റ്റ് ബാങ്കിൽ ഗസ്സ നിവാസികൾക്കായി പ്രതിഷേധം ഉയർന്നുവരികയാണ്.

Israel has started the second phase of attack in Gaza; News that the internet connection has been restored in Gaza

TAGS :

Next Story