Quantcast

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹൻദല ബോട്ട് ഇസ്രായേൽ തടഞ്ഞു

ഓസ്‌ട്രേലിയ, ഫ്രാൻസ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അൽ ജസീറയുടെ രണ്ട് പത്രപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഹൻദല ബോട്ടിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2025-07-27 03:41:28.0

Published:

27 July 2025 9:10 AM IST

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹൻദല ബോട്ട് ഇസ്രായേൽ തടഞ്ഞു
X

ഗസ്സ: കടൽമാർഗ്ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഹൻദല ഫ്രീഡം ഫ്ലോട്ടില്ല ബോട്ട് ഇസ്രായേൽ പിടിച്ചെടുത്തതായി ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്‌എഫ്‌സി) അറിയിച്ചു. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ചാണ് ഹൻദല കപ്പൽ തടഞ്ഞത്. ആയുധധാരികളായ നിരവധി സൈനികർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ബന്ദികളാക്കിയതായും എഫ്‌എഫ്‌സി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിൽ കാണാം.

ഗസ്സ തീരത്തെ സമുദ്രമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് നാവികസേന ബോട്ട് തടഞ്ഞതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ സുരക്ഷിതമായി ഇസ്രായേൽ തീരത്തേക്ക് നീങ്ങുന്നു എന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ബോട്ട് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല. ഓസ്‌ട്രേലിയ, ഫ്രാൻസ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അൽ ജസീറയുടെ രണ്ട് പത്രപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഹൻദല ബോട്ടിലുണ്ടായിരുന്നത്. ഗസ്സയിലേക്ക് ബേബി ഫോർമുലയുമായി പോകുകയായിരുന്നു ബോട്ടെന്ന് എഫ്‌എഫ്‌സി പ്രവർത്തകരിൽ ഒരാൾ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് സ്വീഡിഷ് മെമ്പർ എമ്മ ഫോർറോ, ഫ്രഞ്ച് നാഷണൽ അസംബ്ലി മെമ്പർ ഗബ്രിയേല കാത്തല, പലസ്തീൻ-അമേരിക്കൻ മനുഷ്യാവകാശ അഭിഭാഷക ഹുവൈദ അറഫ്, ജൂത-അമേരിക്കൻ ആക്ടിവിസ്റ്റ് ജേക്കബ് ബെർജ്, ടുണീഷ്യൻ ട്രേഡ് യൂണിയനിസ്റ്റ് ഹാതിം ഔഐനി, 70 വയസ്സുള്ള നോർവീജിയൻ ആക്ടിവിസ്റ്റ് വിഗ്ദിസ് ജോർവന്ദ്, ഫ്രഞ്ച് അമേരിക്കൻ അഭിഭാഷകനും നടനുമായ ഫ്രാങ്ക് റൊമാനൊ, ഓസ്‌ട്രേലിയൻ മനുഷ്യാവകാശ പ്രവർത്തകൻ റോബർട്ട് മാർട്ടിൻ, ഓസ്‌ട്രേലിയൻ ജേർണലിസ്റ്റ് ടാനിയ സാഫി, യുഎസ് ലേബർ ആക്ടിവിസ്റ്റ് ക്രിസ്ത്യൻ സ്മാൾസ്, ബോബ് സുബെറി, ഇറ്റാലിയൻ ജേർണലിസ്റ്റ് അന്റോണിയോ മസിയോ, സ്പാനിഷ് ആക്ടിവിസ്റ്റുകളായ സാന്റിയാഗോ ഗോൺസാലസ്, സെർജിയോ ടോറിബിയോ, ഫ്രഞ്ച് നേഴ്സ് ജസ്റ്റിൻ കെംഫ്, ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തക ആങ് സാഹുക്കെ, ഇറ്റാലിയൻ ആക്ടിവിസ്റ്റ് അന്റോണിയോ ല പിസിറെല്ല, യുഎസ് ആക്ടിവിസ്റ്റ് ബ്രെഡോൺ പെല്യൂസോ, മുൻ യുഎൻ സ്റ്റാഫ് മെമ്പർ ക്ലോസ് ഫിയോന, അൽ ജസീറയുടെ ജേർണലിസ്റ്റുകളായ മൊറോക്കോയിൽ നിന്നുള്ള മുഹമ്മദ് എൽ ബക്കാലിയും ഇറാഖി-അമേരിക്കൻ വംശജനായ വാദ് അൽ മൂസ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story