ഗസ്സയിൽ ആക്രമണം തുടര്‍ന്ന് ഇസ്രായേൽ; വടക്കൻ വെസ്റ്റ് ബാങ്കിനു നേരെ സൈനിക നടപടി
അധിനിവിഷ്ട വടക്കൻ വെസ്റ്റ് ബാങ്ക് പ്രദേശമായ തുബക്ക് നേരെയും ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു.

Photo| AP
തെൽ അവിവ്: ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടരുന്നതിനിടെ, വടക്കൻ വെസ്റ്റ് ബാങ്കിനു നേർക്ക് സൈനിക നടപടിയുമായി ഇസ്രായേൽ. റഫ തുരങ്കത്തിൽ കഴിഞ്ഞ 5 ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു.
അധിനിവിഷ്ട വടക്കൻ വെസ്റ്റ് ബാങ്ക് പ്രദേശമായ തുബക്ക് നേരെയും ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു. പത്തിലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരാണ്. സൈന്യത്തിനു നേരെ ശക്തി സംഭരിക്കുന്ന ഫലസ്തീൻ പോരാളികളെ അമർച്ച ചെയ്യാനാണ് സൈനിക നടപടിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞു. ഡസൻകണക്കിന് സൈനിക വാഹനങ്ങളാണ് തുബ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ഫലസ്തീനികളെ പുറന്തള്ളി വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാൻ യു.എന്നിനോടും അറബ് ലീഗിനോടും ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കണമെന്ന യുഎൻ അഭ്യർഥനയും ഫലം കണ്ടില്ല. ശൈത്യം ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുഷ്കരമാണ്. ആവശ്യത്തിന് ടെന്‍റുകളും ഭക്ഷ്യവസ്തുക്കളും ഇന്ധനവും ലഭ്യമാക്കാൻ നടപടി വേണമെന്ന് യുഎൻ ഏജൻസികൾ അഭ്യർഥിച്ചു. ചൊവ്വാഴ്ച രാത്രി കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിനു പകരമായി 15 ഫലസ്തീൻ മൃതദേഹങ്ങൾ ഇസ്രായേൽ ഇന്നലെ വിട്ടുനൽകി. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടിയാണ് ഹമാസ് കൈമാറേണ്ടത്.
അതിനിടെ, ഇസ്രായേലിൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സൈനിക മേധാവി ഇയാൽ സാമിറും തമ്മിലെ ഭിന്നത രൂക്ഷമായി. സൈന്യത്തിലെ പുതിയ നിയമനങ്ങളാണ് ഭിന്നതക്ക് കാരണം. പ്രതിരോധ മന്ത്രിയെ തൽസ്ഥാനത്തു നിന്ന് മാറ്റാൻ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു നീക്കം തുടങ്ങിയെന്ന വാർത്ത അദ്ദേഹത്തിന്‍റെ ഓഫീസ് നിഷേധിച്ചു.
Adjust Story Font
16

