വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു
ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്

Photo: Special arrangement
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും സമാധാനമില്ലാതെ ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തിൽ ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ഹമാസ് അറിയിച്ചു.
ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്. സൈതൂൺ പ്രദേശത്ത് വെച്ച് നടന്ന ആക്രമണത്തിൽ മുഴുവൻ പേരും തൽക്ഷണം കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങൾ തയ്യാറാണോ എന്നത് നിലവിൽ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ഗസ്സയിലെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.
ഇന്നലെ ഗസ്സയിൽ നിന്ന് ഹമാസ് കൈമാറിയ ഒരു മൃതദേഹം കൂടി ഇസ്രയേൽ തിരിച്ചറിഞ്ഞു. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി. അവശേഷിച്ച 18 മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് കൈമാറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫോണിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തി മൃതദേഹങ്ങളുടെ കൈമാറ്റം ത്വരിതഗതിയിലാക്കാനാണ് യുഎസ് നീക്കം. എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന് ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് നേരത്തെ അറിയിച്ചിരുന്നു.
ആകെ 360 മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറേണ്ടത്. എന്നാൽ 120 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കൈമാറിയത്. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സഹായ ഏജൻസികൾ വ്യക്തമാക്കി.
Adjust Story Font
16

