Quantcast

ഫലസ്തീൻ ഐക്യദാർഢ്യം; ഗ്രേറ്റയെ പാഠപുസ്തകങ്ങളിൽനിന്ന് വെട്ടി ഇസ്രായേൽ

സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    23 Oct 2023 11:42 AM GMT

Israel removes references to Greta Thunbergs activism from school books over Palestine solidarity, Greta Thunberg Palestine solidarity, Israel-Palestine war 2023
X

തെൽഅവീവ്: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരെ ഇസ്രായേലിന്റെ പ്രതികാരനടപടി. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കംചെയ്യാൻ ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഗസ്സയ്ക്ക് പിന്തുണ അറിയിച്ചതോടെ മാതൃകാ വ്യക്തിത്വമാകാനുള്ള അർഹത നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഗ്രേറ്റയെന്നാണു നടപടിക്കു ന്യായമായി പറയുന്നത്.

സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതാണ് ഇസ്രായേൽ ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 'കുട്ടികൾ ഉൾപ്പെടെ 1,400 നിരപരാധികളായ ഇസ്രായേലികളുടെ കൊലയ്ക്ക് ഉത്തരവാദികളായ ഭീകരസംഘടനയാണ് ഹമാസ്. ഈ നിലപാട് വിദ്യാഭ്യാസ-ധാർമിക മാതൃകാ വനിതയാകാനുള്ള അവരുടെ അർഹതയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഇസ്രായേലി വിദ്യാർത്ഥികൾക്ക് അവരിനി പ്രചോദക വ്യക്തിത്വമാകില്ല.''-നടപടി വിശദീകരിച്ചുകൊണ്ട് ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

എക്‌സിലൂടെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഗ്രേറ്റയെ വിമർശിച്ചു. നിരപരാധികളായ ഇസ്രായേലികളെ കശാപ്പുചെയ്ത ഹമാസ് റോക്കറ്റുകൾ സുസ്ഥിരമായ സാധനങ്ങൾ ഉപയോഗിച്ച് നിർമിച്ചതല്ലെന്ന് പോസ്റ്റിൽ പരിഹസിച്ചു. ഹമാസ് കൂട്ടക്കൊലയുടെ ഇരകൾ താങ്കളുടെ സുഹൃത്തുക്കളുമാകാം. അതുകൊണ്ട് ഇതിനെതിരെ തുറന്നുസംസാരിക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.

ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ലോകം മുന്നോട്ടുവരണമെന്നാണ് ഗ്രേറ്റ തുൻബർഗ് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ടുമുള്ള പ്ലക്കാർഡുകൾ പങ്കുവച്ചായിരുന്നു ഗ്രേറ്റയുടെ പോസ്റ്റ്.

'ഇന്ന് ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തലും ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട ജനങ്ങളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകം ഉറക്കെ സംസാരിക്കണം.' സോഷ്യൽ മീഡിയയിൽ ഗ്രേറ്റ കുറിച്ചു. FreePalestine, IStandWithPalestine, StandWithGaza തുടങ്ങിയ ഹാഷ്ടാഗുകളും ഇതോടൊപ്പം ചേർത്തിരുന്നു.

Summary: Israel removes references to Greta Thunberg's activism from school books over Palestine solidarity in social media

TAGS :

Next Story