ഇറാൻ ആക്രമിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; മിഡിൽ ഈസ്റ്റിൽ പ്രതിനിധികളെ പിൻവലിക്കാനൊരുങ്ങി അമേരിക്ക
ഇറാനുമായി ആണവ കരാർ പ്രതീക്ഷകൾ മങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷാ അന്തരീക്ഷം ഉയർന്നിരിക്കുന്നത്

വാഷിംഗ്‌ടൺ: ഇറാനിൽ ഇസ്രായേൽ ആക്രമണമുണ്ടാകുമെന്ന ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി പിൻവലിക്കാനൊരുങ്ങി അമേരിക്ക. പ്രാദേശിക സുരക്ഷാ ആശങ്കകൾ ഉയരുന്നതിനാൽ ഇറാഖിലെ എംബസിയിൽ നിന്നും മിഡിൽ ഈസ്റ്റിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും യുഎസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് തിരിച്ചുവരാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുവാദം നൽകി. ഇറാനുമായി ആണവ കരാർ പ്രതീക്ഷകൾ മങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷാ അന്തരീക്ഷം ഉയർന്നിരിക്കുന്നത്.
സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിർത്തുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയിൽ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവരാൻ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശം 'അപകടകരമായ സ്ഥലമാകാൻ സാധ്യതയുള്ളതിനാൽ' ജീവനക്കാരെ മാറ്റാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
സമീപ മാസങ്ങളിൽ അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അത്തരമൊരു നീക്കം ട്രംപ് ഭരണകൂടത്തിന്റെ സൂക്ഷ്മമായ ആണവ ചർച്ചകളെ മിക്കവാറും അട്ടിമറിക്കുകയും മേഖലയിലെ യുഎസ് ആസ്തികൾക്ക് നേരെ ഇറാന്റെ പ്രതികാര നടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്തേക്കുമെന്ന മുന്നറിയിപ്പിലാണ് അമേരിക്കൻ നടപടി.
ഇറാനിലെ ആണവ പദ്ധതിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിടുമെന്ന് നേരത്തെ ഇറാൻ പ്രതിരോധ മന്ത്രി അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 'ഇറാനിൽ യുദ്ധം അടിച്ചേൽപ്പിച്ചാൽ കൂടുതൽ നഷ്ടം അമേരിക്കയ്ക്കായിരിക്കും എന്നതിൽ സംശയമില്ല.' ടെഹ്‌റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിനിടെ ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Adjust Story Font
16

