Quantcast

ഗസ്സയെ സമ്പൂർണമായി സൈനിക വിമുക്തമാക്കണം; രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ

ഗസ്സയുടെ പുനനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ അറബ് ഉച്ചകോടി അൽപസമയത്തിനകം കെയ്റോയില്‍ തുടങ്ങും

MediaOne Logo

Web Desk

  • Published:

    4 March 2025 6:31 PM IST

ഗസ്സയെ സമ്പൂർണമായി സൈനിക വിമുക്തമാക്കണം; രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ
X

തെല്‍ അവിവ്: ഗസ്സയിലെ രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ. ഗസ്സയെ സമ്പൂർണമായി സൈനിക വിമുക്തമാക്കണമെന്നും ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നുമാണ് ഉപാധി. ഗസ്സയുടെ പുനനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ അറബ് ഉച്ചകോടി അൽപസമയത്തിനകം കെയ്റോയില്‍ തുടങ്ങും. ഹമാസിനെ ഒഴിവാക്കിയുള്ള ബദൽ നിർദേശത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ ഭിന്നതയുണ്ട്.

ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗസ്സയിലെ രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധി അറിയിച്ചത്. ഹമാസിനെയും ഇസ്‍ലാമിക് ജിഹാദിനെയും ഇല്ലാതാക്കണം എന്നാണ് ഗസ്സയെ സൈനിക മുക്തമാക്കുക എന്നതുകൊണ്ട് ഇസ്രായേൽ ഉദ്ദേശിക്കുന്നത്. 'അങ്ങനെയെങ്കിൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ സേന പിന്‍മാറുമെന്ന് ഗിഡിയോൺ സാര്‍ പറഞ്ഞു. ഇസ്രായേലിന്‍റേത് അതിരുകടന്ന പ്രസ്താവനയാണെന്ന് ഹമാസ് പ്രതികരിച്ചു.

ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ചേരുന്ന അറബ് ഉച്ച കോടി ഗസ്സയുടെ ഭാവിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഗസ്സ ഏറ്റെടുത്ത് ഉല്ലാസ കേന്ദ്രമാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ അറബ് നാടുകളിൽ നിന്ന് വ്യാപക എതിർപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്‍റെ പദ്ധതിക്ക് ബദൽ നിർദേശിക്കാൻ കൂടിയാണ് അറബ് രാജ്യങ്ങൾ ഈജിപ്തിൽ ഒത്തു ചേരുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം കെയ്റോയിൽ ചേർന്നിരുന്നു.

ഹമാസിനെ ഒഴിവാക്കിയുള്ള ഗസ്സ പുനർനിർമാണമെന്ന ഈജിപ്തിന്‍റെ പ്ലാൻ മറ്റു അറബ് രാജ്യങ്ങൾ അംഗീകരിക്കുമോയെന്നാണ് പ്രധാന ചോദ്യം. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികളാണെന്ന നിലപാട് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.



TAGS :

Next Story