Quantcast

അൽ-അഖ്സയിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥന തടഞ്ഞ് ഇസ്രായേൽ

കഴിഞ്ഞ ദിവസം അൽ അഖ്സയിൽ തറാവീഹ് നമസ്കാരത്തിനായെത്തിയ യുവാക്കളെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോയും പുറത്തുവന്നിരുന്നു

MediaOne Logo
അൽ-അഖ്സയിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥന തടഞ്ഞ് ഇസ്രായേൽ
X

​ഗസ്സ: അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫലസ്തീനികളെ തടഞ്ഞ് ഇസ്രായേൽ. റാമല്ലയ്ക്ക് സമീപമുള്ള ഖലന്ദിയ ചെക്ക് പോസ്റ്റിൽ നൂറുകണക്കിന് ആളുകൾ പള്ളിയിൽ പ്രവേശിക്കാനായി എത്തിയെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ അധികൃതർ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്നുള്ള പതിനായിരം പേർക്ക് മാത്രമാണ് ഇത്തവണ പ്രാർഥനയ്ക്കായി അനുമതി നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുള്ള സ്ഥാനത്താണിത്.

റമദാൻ മാസത്തിലും വിശ്വാസികളെ തടയുന്ന രീതിയിലാണ് ഇസ്രായേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, 55 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. എന്നാൽ പെർമിറ്റുള്ള പലരെയും ചെക്ക് പോസ്റ്റുകളിൽ വെച്ച് സൈന്യം തിരിച്ചയക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വെസ്റ്റ് ബാങ്കിലെ 33 ലക്ഷം ജനങ്ങളിൽ വെറും പതിനായിരം പേർക്ക് മാത്രം അനുമതി നൽകുന്നത് സമുദ്രത്തിലെ ഒരു തുള്ളി പോലെയാണെന്ന് അൽ ജസീറ റിപ്പോർട്ടർ അഭിപ്രായപ്പെട്ടു. മുൻപ് 2,50,000 പേർ വരെ പ്രാർഥനയ്ക്ക് എത്താറുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ വളരെ കുറഞ്ഞ എണ്ണം ആളുകൾ മാത്രമേ പള്ളിയിൽ എത്തിയുള്ളൂ. തടസ്സങ്ങൾക്കിടയിലും ഏകദേശം 80,000 വിശ്വാസികൾക്ക് പള്ളിയിൽ എത്താൻ സാധിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും പുറത്ത് തടയപ്പെട്ടിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം അൽ അഖ്സയിൽ തറാവീഹ് നമസ്കാരത്തിനായെത്തിയ യുവാക്കളെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അൽ ജസീറ റിപ്പോർട്ടറടക്കമുള്ള മാധ്യമപ്രവർത്തകരെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് ഇസ്രായേൽ സൈന്യം തടഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story