ഗസ്സക്ക് പിന്നാലെ സിറിയൻ സൈനിക തലസ്ഥാനത്തും ബോംബിട്ട് ഇസ്രായേൽ; നാലു പേർ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്
ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലിനെതിരെ അറബ് ലോകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

ദുബൈ: ഗസ്സക്കും ലബനാനും പിന്നാലെ സിറിയൻ സൈനിക തലസ്ഥാനത്തും ബോംബിട്ട് ഇസ്രായേൽ. തെക്കൻ സിറിയയിലെ സുവൈദയിൽ ഡ്രൂസുകൾക്കു നേരെ സിറിയൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം.
ഇന്നലെ വൈകീട്ടോടെ ഡമസ്കസിലെ സൈനിക ആസ്ഥാനത്താണ് ഇസ്രായേൽ ബോംബിട്ടത്. നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൂസുകളും തദ്ദേശീയരായ വിഭാഗവും തമ്മിലെ സംഘർഷത്തെ തുടർന്ന് സിറിയൻ സേന ഇറങ്ങി വെടിനിർത്തൽ പ്രഖ്യാപിച്ച സമയം, ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലിനെതിരെ അറബ് ലോകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, സിറിയയും ഇസ്രായേലും തമ്മിലെ സംഘർഷം തങ്ങൾ ഇടപെട്ട് പരിഹരിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. എന്നാൽ ഡ്രൂസ് വിഭാഗത്തന്‍റെ സുരക്ഷക്കായി ആവശ്മെങ്കിൽ ഇനിയും ഇടപെടുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഗസ്സയിലും ഇസ്രയേൽ ക്രൂരത മാറ്റമില്ലാതെ തുടരുകയാണ്. 81പേരെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. ഭക്ഷണം തേടിയെത്തിയ ആൾക്കൂട്ടത്തിനുനേർക്ക് നടന്ന വെടിവെപ്പിലാണ് 25പേർ കൊല്ലപ്പെട്ടത്. യു.എസ്, ഇസ്രായേൽ മേൽനോട്ടത്തിലുള്ള ഭക്ഷ്യവിതരണം ഉടൻ നിർത്തണമെന്ന് ഗസ്സയിലെ സർക്കാർ ഓഫീസ് ആവശ്യപ്പെട്ടു.
ദോഹയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയില്ല. ഹമാസിനു മുമ്പാകെ പുതിയ നിർദേശം സമർപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഖത്തർ അമീറുമായി താൻ ഉടൻ സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞു. അതിനിടെ, ഇസ്രായേലിൽ രണ്ട് യാഥാസ്ഥിതിക കക്ഷികൾ നെതന്യാഹു സർക്കാറിനെതിരെ തിരിഞ്ഞതോടെ ഭരണപ്രതിസന്ധി രൂക്ഷമായി. യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടതോടെയാണ് ഭരണപ്രതിസന്ധി രൂപപ്പെട്ടത്. മറ്റൊരു സഖ്യകക്ഷിയായ ഷാ പാർട്ടി ഇന്ന് സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. അതോടെ നെതന്യാഹു സർക്കാറിന് പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമാകും.
Adjust Story Font
16

