തെക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാൻ ഇസ്രായേൽ
ഗസ്സ സിറ്റിക്ക് നേരെയുള്ള വംശഹത്യാപദ്ധതിയെ ചെറുക്കുമെന്ന് ഹമാസ്

ഗസ്സ: തെക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള മുന്നൊരുക്കം പ്രഖ്യാപിച്ച് ഇസ്രായേൽ. പുനരധിവസിപ്പിക്കുന്നവർക്ക് ഇന്നുമുതൽ തെക്കൻ ഗസ്സയിൽ താൽക്കാലിക ടെന്‍റുകൾ അനുവദിക്കുമെന്ന് സൈന്യം. എന്നാൽ ഗസ്സ സിറ്റിക്ക് നേരെയുള്ള വംശഹത്യാപദ്ധതിയെ ചെറുക്കുമെന്ന് ഹമാസ്. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ 11 പേർ കൂടെ മരണപ്പെട്ടു. മൂന്ന് മാസത്തിനിടെ ഭക്ഷണം തേടിയെത്തിയ 1760 പേരെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നതെന്ന് യുഎൻ മനുഷ്യാവകാശ ഓഫൈസ്. അതേസമയം, ബന്ദിമോചനത്തിന് കരാർ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം ശക്തമാണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച ഗസ്സ കീഴടക്കൽ പദ്ധതിയുടെ മുന്നൊരുക്കം ഊർജിതമാക്കി ഇസ്രായേൽ. ഗസ്സ സിറ്റിയിൽ നിന്നും മറ്റും ഫലസ്തീനികളെ തെക്കൻ ഗസ്സയിലേക്ക് നിർബന്ധിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഒരുക്കം ഇന്നുമുതൽ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. പുറന്തള്ളുന്ന ഫലസ്തീനികൾക്ക് താൽക്കാലിക ടെന്‍റുകളും മറ്റും വിതരണം ചെയ്യുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. തെക്കൻ ഗസ്സയിൽ രൂപപ്പെടുത്തുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും തുടർന്ന് ഗസ്സക്ക് പുറത്തേക്കും ഫലസ്തീനികളെ പുറന്തള്ളുന്ന സൈനിക പദ്ധതിയാണിത്.
ഗസ്സ സിറ്റിക്കു നേരെ സൈനിക നടപടി ശക്തമാക്കി ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതിക്കെതിരെ ലോകസമൂഹം രംഗത്തുവരണമെന്നും ചെറുത്തുനിൽപ്പ് തുടരുമെന്നും ഹമാസ് പ്രതികരിച്ചു. അതിനിടെ ഗസ്സയിൽ പട്ടിണി കൂടുതൽ പിടിമുറുക്കുകയാണ്. പുതുതായി 11 പേർ കൂടി മരിച്ചതോടെ പട്ടിണി കൊലയുടെ ഇരകളായി മാറിയവരുടെ എണ്ണം 251 ആയി. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ ഇന്നലെ കൊല്ലപ്പെട്ടു. സഹായം തേടിയെത്തിയ 8 പേരും ഇവരിലുൾപ്പെടും. മെയ് അവസാനം മുതൽ ഗസ്സയിൽ സഹായം തേടുന്നതിനിടെ കുറഞ്ഞത് 1,760 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. ഗസ്സയിൽ വ്യാപകമായി പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് 10 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ഇരുപത്തിമൂന്ന് പ്രമുഖ യു.എസ്-യൂറോപ്യൻ സാമ്പത്തിക വിദഗ്ധർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തുറന്ന കത്തയച്ചു. ബന്ദിമോചനത്തിന് ഹമാസുമായി ഉടൻ കരാറിൽ എത്തണം എന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെയും തെൽ അവിവിൽ തെരുവിലിറങ്ങി.
ഗസ്സയിലേക്കുള്ള സഹായത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിനിടയിൽ പ്രദേശത്തെ 40,000 ശിശുക്കൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് പറഞ്ഞു.
Adjust Story Font
16

