മസാഫർ യാട്ടയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ ഇസ്രായേൽ നീക്കം
മേഖലയിൽ അനധികൃത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഫലസ്തീനികൾ തങ്ങളുടെ കൃഷി ഭൂമിയിൽ പ്രവേശിക്കുന്നതിനും മൃഗങ്ങളെ മേയ്ക്കുന്നതിനും ഇസ്രായേൽ സൈന്യം നിയന്ത്രണമേർപ്പെടുത്തി.

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ മസാഫർ യാട്ടയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും പുറത്താക്കാൻ ഇസ്രായേൽ നീക്കം. മുഹമ്മദ് യൂസുഫ് എന്ന ഫലസ്തീൻ പൗരനെ കൈകൾ പിന്നിൽ കെട്ടിയാണ് ഇസ്രായേലി സൈനികർ ക്യാമ്പിലേക്ക് കൊണ്ടുപോയത്. യൂസുഫിന്റെ മാതാവും ഭാര്യയും രണ്ട് സഹോദരിമാരും അറസ്റ്റിലായിരുന്നു. തങ്ങളുടെ ഭൂമി കയ്യേറാൻ വന്ന സായുധരായ ഇസ്രായേലി കയ്യേറ്റക്കാരെ നേരിട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മേഖലയിൽ അനധികൃത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഫലസ്തീനികൾ തങ്ങളുടെ കൃഷി ഭൂമിയിൽ പ്രവേശിക്കുന്നതിനും മൃഗങ്ങളെ മേയ്ക്കുന്നതിനും ഇസ്രായേൽ സൈന്യം നിയന്ത്രണമേർപ്പെടുത്തി. ഇസ്രായേൽ കുടിയേറ്റക്കാർ തന്റെ കൃഷി ഭൂമി പിടിച്ചെടുക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് യുസുഫിനെയും കുടുംബത്തെയും പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളോളം സൈനിക ക്യാമ്പിൽ പൊരിവെയിലത്ത് നിർത്തിയത്. ഇനിയും എത്രകാലും ഈ ഭൂമി പിടിച്ചെടുക്കുന്നത് പ്രതിരോധിക്കാനാവുമെന്ന് അറിയില്ലെന്ന് യൂസുഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അൽ ജസീറ ഇസ്രായേൽ സൈന്യത്തോട് പ്രതികരണം ആരാഞ്ഞെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.
യൂസുഫിനും മസാഫർ യാട്ടയിലെ മറ്റു ഫലസ്തീൻ കുടുംബങ്ങൾക്കും കാര്യങ്ങൾ ഇനി എളുപ്പമാവില്ലെന്നാണ് റിപ്പോർട്ട്. ജൂൺ ഏഴിന് ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഒരു കത്ത് അൽ ജസീറക്ക് ലഭിച്ചിരുന്നു. മസാഫർ യാട്ടയിലെ 12 ഗ്രാമങ്ങൾ പൂർണമായും തകർത്ത് അവിടത്തെ ഫലസ്തീൻ കുടുംബങ്ങളെ പുറത്താക്കാനുള്ള അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്. ഗ്രാമം പൂർണമായി പിടിച്ചെടുത്തി സൈനിക പരിശീലന മേഖലയാക്കാനാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിടുന്നത്.
എന്നാൽ ഇത്തരം ന്യായീകരണങ്ങൾ തങ്ങളുടെ കയ്യേറ്റം ന്യായീകരിക്കാനായി ഇസ്രായേൽ വെറുതെ പറയുന്നതാണ് എന്നാണ് ഇസ്രായേൽ സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ കരീം നൊവാത് പറയുന്നത്. 1967ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തപ്പോൾ തന്നെ അതിന്റെ മൂന്നിലൊന്ന് ഭാഗം അടഞ്ഞ മിലിട്ടറി സോൺ ആക്കി മാറ്റിയിരുന്നു. എന്നാൽ ഇതിന്റെ 80 ശതമാനം മേഖലയിലും ഇതുവരെ സൈനിക പരിശീലനം നടന്നിട്ടില്ല.
ഫലസ്തീനികളുടെ ഭൂസ്വത്ത് വെട്ടിക്കുറക്കാനും കഴിയുന്നത്ര ഭൂമി ഇസ്രായേലി കുടിയേറ്റക്കാർക്ക് കൈമാറാനും വേണ്ടിയാണ് സൈന്യം ഫലസ്തീനികളുടെ ഭൂമി കണ്ടുകെട്ടുന്നത്. മസാഫർ യാട്ടയിലുള്ളവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ ആശങ്കയുണ്ടെന്ന് യൂസുഫ് അൽ ജസീറയോട് പറഞ്ഞു. കുടിയൊഴിയാൻ നിർബന്ധിതരായാലും എവിടേക്ക് പോകണമെന്നോ എവിടെ താമസിക്കുമെന്നോ അറിയില്ലെന്ന് യൂസുഫ് പറഞ്ഞു.
സൈന്യത്തിന്റെ റബ്ബർ സ്റ്റാമ്പ് ആയാണ് ഇസ്രായേലി കോടതികൾ പ്രവർത്തിക്കുന്നതെന്ന് ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. ഫലസ്തീനികളെ പൂർണമായും കുടിയൊഴിപ്പിക്കുന്നതിന് അനുകൂലമായ സമീപനമാണ് ഇസ്രായേൽ കോടതികളും സ്വീകരിക്കുന്നത്. 1948ൽ ഇസ്രായേൽ രാഷ്ട്രം നിലവിൽ വരുന്നതിനും മുമ്പ് പാരമ്പര്യമായി ഇവിടെ താമസിച്ചുവരുന്നവരാണ് വെസ്റ്റ് ബാങ്കിലുള്ളത്. എന്നാൽ ഇവർ അവിടെ സ്ഥിരതാമസക്കാരല്ല എന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം.
Adjust Story Font
16

