Quantcast

2024ല്‍ വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറി ഇസ്രായേൽ; ജൂത കുടിയേറ്റത്തിനു നീക്കം

കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം വെസ്റ്റ് ബാങ്കിൽ 2,743 ഏക്കർ സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമം 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2024-04-12 16:02:58.0

Published:

12 April 2024 4:00 PM GMT

Israel declares record amount of occupied West Bank as state-owned land in 2024, Israel occupation in Palestine,
X

ജറൂസലം: 2024ന്റെ ആരംഭത്തില്‍ തന്നെ ഫലസ്തീൻ പ്രദേശങ്ങളിൽ വൻ കൈയേറ്റ നടപടികളുമായി ഇസ്രായേൽ ഭരണകൂടം. വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിന് ഏക്കർ ഇസ്രായേൽ ഭരണകൂടം സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. മേഖലയിൽ കൂടുതൽ ജൂത കുടിയേറ്റത്തിനും പാർപ്പിട നിർമാണങ്ങൾക്കുമുള്ള നീക്കത്തിന്റെ മുന്നോടിയായാണു നടപടി വിശേഷിപ്പിക്കപ്പെടുന്നത്. ഈ വർഷം ഇതുവരെയായി 2,743 ഏക്കർ സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമം 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു.

വെറും മൂന്നു മാസത്തിനിടെയാണ് ഇത്രയും വലിയൊരു ഭൂപ്രദേശം ഇസ്രായേൽ ഭരണകൂടം നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് കൈയേറ്റമാണിതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ നിയന്ത്രണത്തിലാക്കിയതിൽ 2,000 ഏക്കർ ഭൂമിയും ജോർദാൻ വാലിയിലാണുള്ളത്. 650 ഏക്കർ ജറൂസലമിനോട് ചേർന്നുള്ള അബൂ ദിസിലും 42 ഏക്കർ ദക്ഷിണ മേഖലയിലെ ഹെറോദിയൻ നാഷനൽ പാർക്കിനു സമീപത്തുമാണുള്ളത്.

ഇതിനുമുൻപ് 1999 ആയിരുന്നു വെസ്റ്റ് ബാങ്കിൽ ഏറ്റവും വലിയ ഇസ്രായേൽ കൈയേറ്റം നടന്ന വർഷം. അന്ന് 1,285 ഏക്കർ ഭൂമിയാണ് സർക്കാരിന്റെ നിയന്ത്രണത്തിലാക്കിയതെന്ന് ഇസ്രായേൽ-ഫലസ്തീൻ സമാധാനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ 'പീസ് നൗ' കണക്കുകൾ വ്യക്തമാക്കുന്നു. 1998 മുതലാണ് സംഘടന ഫലസ്തീൻ മണ്ണിലെ ഇസ്രായേൽ കൈയേറ്റം രേഖപ്പെടുത്താൻ തുടങ്ങിയത്.

നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുംമുൻപ് സർക്കാർ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളിൽ സിവിൽ ഭരണവിഭാഗത്തിന്റെ ബ്ലൂലൈൻ സംഘം പുനർനിർണയം നടത്തേണ്ടതുണ്ട്. 2018നും 2023നും ഇടയിൽ ഇത്തരത്തിൽ 5,900 ഏക്കർ ഭൂമി വെസ്റ്റ് ബാങ്കിൽ മാത്രം പുനർനിർണയം നടത്തിയിട്ടുണ്ടെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. ഒരു തരത്തിലുമുള്ള നിർമാണപ്രവൃത്തികൾ നടക്കാത്ത ഒഴിഞ്ഞ പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.

ഫലസ്തീൻ പ്രദേശങ്ങളിലെ ജൂത കുടിയേറ്റ നടപടികൾ നിരീക്ഷിക്കുന്ന എൻ.ജി.ഒ ആയ കെറെം നവോത് ഇടപെടലിലാണ് ഇസ്രായേൽ കൈയേറ്റത്തിന്റെ കണക്കുകൾ പുറത്തുവന്നത്. ഈ കണക്കുകൾ പ്രകാരം 2018നും 2023നും ഇടയിൽ ദക്ഷിണ ഹെബ്രോൺ ഹിൽസിൽ 1,073 ഏക്കർ ഭൂമിയുടെ പുനർനിർണയം നടന്നിട്ടുണ്ട്. ഇതിൽ നെയ് ഹെവർ, ടെനെ ഒമാരിം എന്നീ പ്രദേശങ്ങൾ ഇവയിൽ ഉൾപ്പെടും. അടുത്ത കാലത്തായി നിരവധി അനധികൃത ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ച പ്രദേശമാണ് ടെനെ ഒമാരിം.

വെസ്റ്റ് ബാങ്കിൽ അടുത്തിടെയായി സർക്കാർ ഭൂമിയായി പുനർനിർണയം നടന്ന പ്രദേശങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്: കർണി ഷോംറോൺ-576 ഏക്കർ, നുബായിലും ഖറാസിലുമായി 520, ടെകോവ-435, ഷുവുത് റേച്ചൽ-630, നഹാലീൽ-400. ഇവയിൽ ഭൂരിഭാഗവും അവികസിത പ്രദേശങ്ങളോ നിർമാണ പ്രവൃത്തികളൊന്നും നടക്കാത്ത മേഖലകളോ ആണെന്നതും ശ്രദ്ധേയമാണ്.

കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുന്നതോ ഫലസ്തീനികൾക്കും സർക്കാരിനും ഇടയിലോ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കും ഇടയിലോ തർക്കം നിലനിൽക്കുന്നതോ ആയ പ്രദേശങ്ങളാണ് ബ്ലൂ ലൈൻ സംഘത്തിന്റെ മുൻഗണനാ പട്ടികയിലുള്ളതെന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാനായും വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ സംഘത്തിന്റെ നോട്ടത്തിലുണ്ട്.

സിവിൽ ഭരണ ചുമതല കൂടി വഹിക്കുന്ന ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിലെ നിരവധി ജൂത ഔട്ട്‌പോസ്റ്റുകൾക്ക് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. മിഷ്മാർ യെഹൂദ, ബെയ്ത് ഹോഗ്ല, ഷാചാരിത്, അസയൽ എന്നിവ ഇത്തരത്തിൽ സർക്കാർ അംഗീകാരം ലഭിച്ച ജൂത ഔട്ട്‌പോസ്റ്റുകളാണ്. വികസന പ്രവൃത്തികൾക്കായി സർക്കാർ ഫണ്ട് ലഭിക്കാൻ വേണ്ട സീരിയൽ നമ്പറുകൾ ഈ സ്ഥലങ്ങൾക്കെല്ലാം അനുവദിച്ചിട്ടുണ്ട്. ഇസ്രായേൽ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണു നടപടി. ഈ പ്രദേശങ്ങളെല്ലാം അധികം വൈകാതെ അംഗീകൃത കുടിയേറ്റ പ്രദേശങ്ങളായി മാറും.

Summary: Israel declares record amount of occupied West Bank as state-owned land in 2024

TAGS :

Next Story