Quantcast

'ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ എന്ന് പറയാൻ ഇത്രയും നാൾ ഞാൻ മടിച്ചു.. ഇനിയും എനിക്കതിന് കഴിയില്ല!' - തുറന്നടിച്ച് ഇസ്രായേലി എഴുത്തുകാരൻ

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നോ എന്ന ചോദ്യത്തിന്, 'അത് മാത്രമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം' എന്നായിരുന്നു ഗ്രോസ്മാന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2025-08-05 07:45:37.0

Published:

5 Aug 2025 1:09 PM IST

Israeli author David Grossman brands Gaza war a ‘genocide’
X

'തകർന്ന മനസ്സോടെയാണ് ഞാനിത് പറയുന്നത്.. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിക്കാൻ ഇത്രയും നാൾ ഞാൻ മടിച്ചു.. എന്നാലിനിയും എനിക്കതിന് കഴിയില്ല... ഗസ്സയിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ ഞാൻ കണ്ടു.. അവിടെയുള്ളവരോട് സംസാരിച്ചു.. അത്യധികം മനോവേദനയോടെ പറയുകയാണ് ഞാൻ-ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണ്.. ഇനിയും അതിനെ അങ്ങനെ വിശേഷിപ്പിക്കാതിരിക്കാൻ എനിക്ക് കഴിയില്ല..'

ബുക്കർ പ്രൈസ് അടക്കം നേടിയ ഇസ്രായേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാന്റെ വാക്കുകളാണിത്.. ഇറ്റാലിയൻ ദിനപത്രമായ ലാ റിപബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രോസ്മാൻ മനസ്സുതുറന്നത്. ഗസ്സ വിഷയത്തിൽ ഇസ്രായേലിന്റെ നിലപാടുകളെ വിമർശിക്കാൻ ഇതാണ് പറ്റിയ സമയമെന്നും കൂട്ടിച്ചേർക്കുന്നുണ്ട് അദ്ദേഹം.

അന്താരാഷ്ട്രതലത്തിലടക്കം നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ എഴുത്തുകാരനാണ് ഡേവിഡ് ഗ്രോസ്മാൻ. ഇദ്ദേഹത്തിന്റെ കൃതികൾ മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. 2018ൽ ഇസ്രായേൽ പരമോന്നത സാഹിത്യ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

ഇതാദ്യമായാണ് ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ ആണെന്ന പരസ്യനിലപാട് ഗ്രോസ്മാൻ എടുക്കുന്നത്. ഗസ്സയെ കുറിച്ചുള്ള പ്രതികരണങ്ങളിലെല്ലാം, യുദ്ധമെങ്ങനെ ഇസ്രായേലിനെ ബാധിക്കുന്നു എന്നതിന് ഊന്നൽ നൽകിയായിരുന്നു ഗ്രോസ്മാന്റെ പരാമർശങ്ങളൊക്കെയും. ലാ റിപബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിലും ഈ കാര്യം ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ ഗസ്സയിലെ ദുരവസ്ഥ എടുത്തുപറഞ്ഞാണ് അദ്ദേഹം യുദ്ധത്തോടുള്ള ചോദ്യത്തോട് പ്രതികരിച്ചത്.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു..

'വംശഹത്യ എന്ന വാക്കുപയോഗിക്കാൻ ഒരുപാട് വർഷം മടിച്ചയാളാണ് ഞാൻ. പക്ഷേ ഇപ്പോഴത് ഉപയോഗിക്കാതെ എനിക്ക് പറ്റില്ല. ഈ വാക്ക് സത്യത്തിൽ ഒരു മഞ്ഞുമലയുടെ അറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. പറഞ്ഞ് തുടങ്ങിയാൽ അതൊരുപാട് നീണ്ടുപോകും. അത്രയധികം വ്യാപ്തി അതിനുണ്ട്. ഒരു ജനത ഒന്നാകെ അനുഭവിക്കുന്ന ദുരിതം വിവരിക്കാൻ ആ വാക്കുതന്നെ ഉപയോഗിക്കണം. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആ വാക്ക് പറയുമ്പോൾ, ഞാൻ ഞങ്ങളുടെ ജനങ്ങൾക്ക് തന്നെ ഒരു മുന്നറിയിപ്പ് നൽകുകയാണ്... എന്തോ വലുത് നമുക്കും സംഭവിക്കാനിരിക്കുന്നു എന്ന്..

ഇസ്രായേൽ എന്ന പേരിനൊപ്പം ക്ഷാമം എന്നും വംശഹത്യ എന്നുമൊക്കെ ചേർത്തുവായിക്കുന്നത് തീർച്ചയായും മനക്ലേശം ഉണ്ടാക്കുന്ന ഒന്നാണ്. കാരണം ഹോളോകോസ്റ്റിന്റെ സമയത്ത് അതിന്റെ ഭീകരത അത്രത്തോളം അനുഭവിച്ചിട്ടുണ്ട് ജൂതസമൂഹം. സഹജീവികളോട് ഞങ്ങൾക്കുള്ള, അല്ലെങ്കിൽ ഞങ്ങൾക്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ധാർമിക ഉത്തരവാദിത്തത്തിന് എതിരാണ് ആ വാക്ക്. ഒരു കാര്യം ഞാൻ പറയാം.. അധികാരമോഹം ഇസ്രായേലിനെ നശിപ്പിച്ചിട്ടുണ്ട്.. അത് ഫലസ്തീന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

ഗസ്സയിലേക്കുള്ള കടന്നുകയറ്റം ഞങ്ങളെ തുലച്ചു. 1967ലെ വിജയത്തിന് ശേഷം ഇസ്രായേൽ സൈനികപരമായി ഏറെ കരുത്താർജിച്ചിട്ടുണ്ട്. എന്നാൽ അധികാരം ഞങ്ങളെ നശിപ്പിച്ചു. എന്തും ചെയ്യാനാകും എന്ന ധാർഷ്ട്യം ഇസ്രായേലിനുണ്ടായി. സത്യത്തിൽ 1967ൽ ഫലസ്തീനിയർ പ്രദേശങ്ങളിലേക്ക് നടത്തിയ കടന്നുകയറ്റത്തോടെ തുടങ്ങി ഇസ്രായേലിന്റെ ശാപം.

പക്ഷേ ഇത് ഇസ്രായേലിന്റെ കാര്യത്തിൽ മാത്രമല്ല, ഫലസ്തീന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു, അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു... ഇരുകൂട്ടരും ഒരേ ദുരവസ്ഥയിൽ എത്തിച്ചേരുന്നു.. ഇതാണ് നിലവിൽ നടക്കുന്നത്. രണ്ട് കൂട്ടരും രാഷ്ട്രീയപരമായി കുറച്ച് കൂടി പക്വത കാട്ടിയിരുന്നെങ്കിൽ, കുറച്ചുകൂടി ധൈര്യശാലികളായിരുന്നുവെങ്കിൽ യാഥാർഥ്യം തികച്ചും വ്യത്യസ്തമായേനെ..

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നോ എന്ന ചോദ്യത്തിന് അത് മാത്രമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നായിരുന്നു ഗ്രോസ്മാന്റെ മറുപടി. ഫലസ്തീനെ അംഗീകരിച്ചുകൊണ്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മാക്രോണിന്റെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

'ഒരു രാഷ്ട്രം ഉണ്ടായാൽ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ കൈവന്നാൽ, അതിന് അതിന്റേതായ ഗുണങ്ങളുണ്ടാവും. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന നേതാക്കന്മാരെ അഭിനന്ദിക്കുകയാണ് ഞാൻ. അതങ്ങനെ തന്നെയാണ് വേണ്ടത്'- ഇങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതാദ്യമായല്ല ഇസ്രായേൽ നടപടികൾക്കെതിരെ ഗ്രോസ്മാൻ രംഗത്തെത്തുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരസ്യമായി വിമർശക്കുന്നവരിൽ പ്രമുഖനാണ് ഇദ്ദേഹം. സർക്കാർ വിരുദ്ധ റാലികളിലും ഗ്രോസ്മാൻ സ്ഥിരസാന്നിധ്യമാണ്. ഗസ്സയെ പട്ടിണിക്കിടുന്ന ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ച്, ഇസ്രായേലി ആക്ടിവിസ്റ്റ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം, 'ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗ്രോസ്മാനും അതേ കാര്യം ശരിവെച്ച് രംഗത്തെത്തുന്നത്.

TAGS :

Next Story