Quantcast

ഗസ്സയിലെ യുഎൻ ഓഫീസിലും ഇസ്രായേൽ ബോംബിട്ടു; നിരവധി പേർ കൊല്ലപ്പെട്ടു

ബോംബിട്ട ഇസ്രായേലിനെ പേരെടുത്ത് പറയാതെയാണ് യുഎൻ കുറിപ്പ് പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-11-12 09:32:25.0

Published:

12 Nov 2023 7:12 AM GMT

Israeli bombing of UN office in Gaza; Many people were killed
X

ഗസ്സയിലെ യുഎൻ ഡവലപ്‌മെൻറ് പ്രോഗ്രാം ഓഫീസിൽ ഇസ്രായേൽ ബോംബിട്ടു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി യുഎൻഡിപി അഡ്മിനിസ്‌ട്രേറ്റർ അച്ചിം സ്‌റ്റൈനർ എക്‌സിൽ അറിയിച്ചു. സാധാരണക്കാർ, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം, യുഎൻ സൗകര്യങ്ങളുടെ സവിശേഷത എന്നിങ്ങനെ എല്ലാ നിലക്കും തെറ്റാണ് സംഭവിച്ചതെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ബോംബിട്ട ഇസ്രായേലിനെ പേരെടുത്ത് പറയാതെയാണ് യുഎൻ കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ ഇപ്പോൾ നടക്കുന്ന സംഘർഷം ഉടൻ നിർത്തേണ്ടതാണെന്നും സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിർത്തേണ്ടതാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

1978 ഡിസംബർ 20ന് യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് യുഎൻഡിപിയുടെ ഫലസ്തീൻ ജനതയുടെ സഹായ പദ്ധതി സ്ഥാപിച്ചത്, ഫലസ്തീൻ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയാണ് യുഎൻഡിപിയുടെ ലക്ഷ്യം. 1989 മുതൽ ഈ സംഘടന ഗസ്സയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

ഗസ്സയിൽ 70 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് യുഎൻ

ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ 70 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് ഇൻ നിയർ ഈസ്റ്റ് (UNRWA) മുമ്പ് അറിയിച്ചിരുന്നു. ഒരു സംഘർഷത്തിനിടെ, ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടെന്നും യുഎൻ അഭയാർത്ഥി വിഭാഗം എക്സിൽ (ട്വിറ്റർ) അറിയിച്ചു. നഷ്ടങ്ങൾക്കിടയിലും സംഘടന ഗസ്സയിൽ മുഴുസമയ സേവനം തുടരുമെന്നും കുറിച്ചു.

എന്നാൽ യുഎൻ സന്നദ്ധ പ്രവർത്തകരെയടക്കം കൊന്നു തള്ളുന്നത് ഇസ്രായേലാണെന്ന് വ്യക്തമാക്കാതെയുള്ള പോസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആരാണ് അവരെ കൊന്നതെന്ന് നിരവധി പേർ കമൻറ് സെക്ഷനിൽ ചോദിച്ചു. അവരെ കൊന്നത് ആരാണെന്ന് പോലും പറയാൻ നിങ്ങൾക്ക് ആകില്ലെന്നും നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും മറ്റൊരാൾ കുറിച്ചു. 'ആരാണ് അവരെ കൊന്നത്? ഐഎസ്ഐഎസ് ഭീകരവാദികൾ? അല്ലെങ്കിൽ മറ്റു ഭീകരവാദികൾ? അവരുടെ പേര് പറയൂ'ആക്ടിവിസ്റ്റും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. മറ്റൊരാൾ റഷ്യൻ അധിനിവേശം നേരിട്ട യുക്രൈൻ ലഭിച്ച പിന്തുണയും ഇസ്രായേൽ അതിക്രമം നേരിടുന്ന ഫലസ്തീന് ലഭിക്കുന്ന പിന്തുണക്കുറവുമാണ് ചൂണ്ടിക്കാട്ടിയത്.

Israeli bombing of UN office in Gaza; Many people were killed

TAGS :

Next Story