ഗസ്സയിൽ സ്വന്തം പൗരനെ ഇസ്രായേൽ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തി
വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ഇസ്രായേൽ പൗരനാണ് 39-കാരനായ യാകോവ് അവിതാൻ.

ഗസ്സ സിറ്റി: പ്രതിരോധമന്ത്രാലയത്തിനു വേണ്ടി ഗസ്സയിൽ ജോലിചെയ്തിരുന്ന ഇസ്രായേൽ പൗരനായ ബുൾഡോസർ ഓപ്പറേറ്ററെ ഇസ്രായേൽ സൈന്യം അബദ്ധത്തിൽ വെടിവെച്ചു കൊലപ്പെടുത്തി. കോബി എന്നു വിളിപ്പേരുള്ള യാകോവ് അവിതാൻ (39) ആണ് ഗസ്സയിലെ നെറ്റ്സരിം സൈനിക പോസ്റ്റിൽ സ്വന്തം സൈന്യത്തിന്റെ വെടിയുണ്ടകൾക്കിരയായത്. സൈനിക പോസ്റ്റിനു നേരെ വന്ന അവിതാനു നേരെ ഒരു സൈനികൻ വെടിയുതിർക്കുകയായിരുന്നുവെന്നും സംഭവത്തെപ്പറ്റി സൈനിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിനു വേണ്ടി കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അവിതോർ, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ജനങ്ങൾക്ക് തുറന്നുകൊടുത്ത നെറ്റ്‌സരിം ഇടനാഴിക്കു സമീപം വെച്ചാണ് കൊല്ലപ്പെട്ടത്. സിവിലിയൻ വസ്ത്രത്തിൽ സൈനിക പോസ്റ്റിനു നേരെ വന്ന ഇയാൾ സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് വരികകയായിരുന്നുവെന്നും, ഫലസ്തീനി എന്ന തെറ്റിദ്ധാരണയിൽ സൈനികൻ വെടിയുതിർക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ഇസ്രായേൽ പൗരനാണ് അവിതാൻ. ഐഡിഎഫ് അഡ്വക്കേറ്റ് ജനറലിന്റെ നിർദേശത്തെ തുടർന്ന് സംഭവത്തെപ്പറ്റി സൈനിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെക്കൻ ഇസ്രായേലി നഗരമായ ഒഫാകിമിൽ ജനിച്ച അവിതാൻ എയ്‌ലാത്ത് നഗരത്തിലാണ് ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം താമസിച്ചിരുന്നത്. ഇസ്രായേൽ സൈന്യം കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇയാൾ ബുൾഡോസർ ഓപറേറ്ററായി ഗസ്സയിൽ എത്തിയത്. ഗസ്സയിൽ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ട ഒരു കെട്ടിടാവശിഷ്ടത്തിനു മേൽ ഇസ്രായേൽ പതാകയുമായി താൻ നിൽക്കുന്ന ചിത്രം ഇയാൾ ഈയിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ 'സൗഹൃദ വെടിവെപ്പി'ൽ കൊല്ലപ്പെടുന്ന ആദ്യത്തെയാളല്ല യാകോവ് അവിതാൻ. 2024-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഗസ്സയിൽ കൊല്ലപ്പെട്ട 278 ഇസ്രായേലി സൈനികരിൽ 78 പേരും സ്വന്തം സഹപ്രവർത്തകരുടെ വെടിയേറ്റാണ് മരിച്ചത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ നിരവധി പേരും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബന്ദികളുമായി ഹമാസ് പോരാളികൾ ഗസ്സയിലേക്ക് മടങ്ങുന്നത് ഏത് വിധേനയും തടയാൻ സൈനികർക്ക് ഉന്നതതല നിർദേശമുണ്ടായിരുന്നു. ഇതേത്തുടർന്ന്, ഗസ്സയ്ക്കു നേരെ സഞ്ചരിച്ച എഴുപതോളം കാറുകൾക്കും വാഹനങ്ങൾക്കും നേരെ ഹെലികോപ്ടർ ഉപയോഗിച്ച് വ്യോമാക്രമണം നടത്തുകയും അവയിലുണ്ടായിരുന്ന ബന്ദികളടക്കം എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു. എത്രപേർ ഈ വിധത്തിൽ മരിച്ചു എന്ന വിവരം ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ തീരുമാനം.
Adjust Story Font
16