ഇറാനിൽ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തിൽ ഇസ്രായേൽ ബുള്ളറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ട്
ഇറാനിയൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസാണ് റിപ്പോർട്ട് പുറത്തുവിട്ടത്

- Published:
24 Jan 2026 10:45 AM IST

തെഹ്‌റാൻ: ഇറാനിലെ ഇസ്ഫഹാൻ, കെർമാൻഷാ എന്നീ നഗരങ്ങളിൽ സായുധരായ വാടകക്കൊലയാളികളുടെ വെടിയേറ്റ് രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം സാധനങ്ങൾ വാങ്ങാൻ പോയ എട്ടു വയസ്സുകാരിയാണ് ഇസ്ഫഹാനിൽ വെടിയേറ്റു മരിച്ചത്. കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിൻഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയിൽ ഇസ്രായേൽ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി ഏഴിനാണ് കെർമാൻഷായിൽ വെച്ച് മറ്റൊരു പെൺകുട്ടി കൂടി കൊല്ലപ്പെട്ടത്. മെലീന അസാദി എന്ന മൂന്ന് വയസ്സുകാരി പിതാവിനോടൊപ്പം മരുന്ന് വാങ്ങാൻ ഫാർമസിയിൽ പോയി മടങ്ങുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പടിഞ്ഞാറൻ ഉപരോധങ്ങൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ മാസം അവസാനം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും മറ്റ് നഗരങ്ങളിലും വ്യാപാരികളുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് അധികൃതർ സമ്മതിച്ചെങ്കിലും, അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള കലാപകാരികൾ ഈ പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുമുതൽ നശിപ്പിക്കാനും അക്രമം അഴിച്ചുവിടാനും സുരക്ഷാ സേനയെയും സാധാരണക്കാരെയും കൊലപ്പെടുത്താനുമായി അമേരിക്കൻ-ഇസ്രായേൽ ചാരസംഘടനകൾ വാടകക്കൊലയാളികളെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്‌സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം കലാപങ്ങളിൽ ആകെ 3,117 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 2,427 പേർ നിരപരാധികളായ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സംഘടിത തീവ്രവാദ സംഘങ്ങൾ നടത്തിയ വെടിവെപ്പിലാണ് വഴിയാത്രക്കാരും പ്രതിഷേധക്കാരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Adjust Story Font
16
