ബന്ദി കൈമാറ്റത്തിന് ശേഷം 'ഹമാസ് താവളം' തകർക്കുക; സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി
ചർച്ചയുടെ ആദ്യ ഘട്ടത്തിൽ ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരിക, 2,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക, മുഴുവൻ ഗസ്സ മുനമ്പിൽ നിന്നും ഇസ്രായേൽ സൈന്യത്തെ ക്രമേണ പിൻവലിക്കുക എന്നീ നിർദേശങ്ങൾ ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു

തെൽ അവിവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്താൽ ചർച്ചയുടെ ഭാഗമായി ഇസ്രായേൽ ബന്ദികളെ കൈമാറിയ ഉടനെ ഹമാസ് താവളം തകർക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഗസ്സയിൽ ഹമാസ് ഉപയോഗിക്കുന്ന ഭൂഗർഭ തുരങ്കങ്ങൾ പൊളിക്കാൻ തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു.
ബന്ദി കൈമാറ്റത്തിന് ശേഷം ഇസ്രായേലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇതായിരിക്കുമെന്നും കാറ്റ്സ് എക്‌സിൽ കുറിച്ചു. വെടിനിർത്തൽ കരാർ പ്രകാരം ഗസ്സയിലെ ഹമാസിന്റെ നിരായുധീകരണത്തിന്റെ 'പ്രാഥമിക അർഥം' തുരങ്കങ്ങൾ പൊളിക്കലാണെന്നും മന്ത്രി അവകാശപ്പെട്ടു.
ചർച്ചയുടെ ആദ്യ ഘട്ടത്തിൽ, ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരിക, 2,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക, മുഴുവൻ ഗസ്സ മുനമ്പിൽ നിന്നും ഇസ്രായേൽ സൈന്യത്തെ ക്രമേണ പിൻവലിക്കുക എന്നീ നിർദേശങ്ങൾ ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ച ഉച്ചക്ക് പ്രാബല്യത്തിൽ വന്നു.
ഹമാസിന്റെ പങ്കാളിത്തമില്ലാതെ ഗസ്സയിൽ ഒരു പുതിയ ഭരണ സംവിധാനം സ്ഥാപിക്കുക, ഫലസ്തീനികളെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ സൈനികരെയും ഉൾപ്പെടുത്തി ഒരു സുരക്ഷാ സേന രൂപീകരിക്കുക, ഹമാസിന്റെ നിരായുധീകരണം എന്നിവയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ചർച്ച ചെയ്യുക. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ ആക്രമണം നിർത്താൻ തയ്യാറായിട്ടില്ല. 2023 ഒക്ടോബർ മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ 67,600ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Adjust Story Font
16

