Quantcast

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

നുസൈറത്ത് അഭയാർഥി ക്യാമ്പിന് സമീപത്തെ മസ്ജിദും ബോംബാ​ക്രമണത്തിൽ തകർത്തു

MediaOne Logo

Web Desk

  • Published:

    15 April 2024 6:47 AM GMT

israel
X

ഗസ്സ സിറ്റി: ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിന് സമീപം വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാരായ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരി​ക്കേറ്റതായി വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.

ക്യാമ്പിന് സമീപത്തെ പള്ളിയും​ ബോംബാക്രമണത്തിൽ പൂർണമായും തകർത്തതായി പ്രാദേശിക സോഴ്സുക​ളെ ഉദ്ധരിച്ച് വഫ റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പിലെ ഒരു റെസിഡൻഷ്യൽ ടവറും ബോംബേറിൽ നിലംപരിശാക്കി.

വടക്കൻ ഗസയിലെ സൈന്യം സ്ഥാപിച്ച മണൽകെട്ടുകൾക്കിടയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഖാൻ യൂനിസിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും വിവിധയിടങ്ങളിൽ എത്തിച്ചേരാനാകാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. നൂറ്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,729 ആയി. 76,371 പേർക്ക് പരിക്കേറ്റു.

TAGS :

Next Story